fz ബൈക്കുകളുടെ പുത്തന്‍ പതിപ്പുമായ് യമഹ മോട്ടോര്‍സ്; വില 95,000 രൂപ മുതല്‍

FZ ബൈക്കുകളുടെ പുത്തന്‍ പതിപ്പുമായ് യമഹ മോട്ടോര്‍സ്. FZ, FZS എന്നീ മൂന്നാം തലമുറ ബൈക്കുകള്‍ വിപണിയിലെത്തിയിരിക്കുകയാണ്. 95,000 രൂപയാണ് 2019 യമഹ FZ V3.0 ന് കമ്പനി നിശ്ചയിച്ചിരിക്കുന്ന വില. FZS V3.0 ന് 97,000 രൂപയും. മുന്‍തലമുറയെക്കാള്‍ 13,000 രൂപയും 9,000 രൂപയുമാണ് പുതിയ മോഡലുകള്‍ക്ക് യഥാക്രമം കൂടിയിരിക്കുന്നത്. ഇരു ബൈക്കുകള്‍ക്കും എബിഎസ് പിന്തുണയുമുണ്ട്.

പുറംമോടിയില്‍ നടത്തിയിരിക്കുന്ന പരിഷ്‌കാരങ്ങള്‍ FZ, FZS ബൈക്കുകള്‍ക്ക് പുതുമ നല്‍കുന്നു. മൂന്നാംതലമുറ FZ ബൈക്കുകളുടെ ഡിസൈനില്‍ മുതിര്‍ന്ന FZ25 നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. പുതിയ ഹെഡ്‌ലാമ്പ് ശൈലിയാണ് യമഹ FZ മോഡലുകളുടെ മുഖ്യമായ ആകര്‍ഷണം.

പുതിയ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും മോഡലുകളില്‍ എടുത്തുപറയണം. മുന്‍വശത്ത് പ്രത്യേകം ഒരുങ്ങുന്ന എയര്‍ വെന്റുകള്‍ കാഴ്ച്ചഭംഗി മാത്രമാണ് ലക്ഷ്യമിടുന്നത്. പുതിയ അലോയ് വീലുകളും എഞ്ചിന്‍ കവറും FZ ബൈക്കുകള്‍ക്ക് പുതുതലമുറ ഭാവം നല്‍കുന്നു.

വലുപ്പം കൂടിയ ഇന്ധനടാങ്കിന് കാര്യമായ പങ്കുണ്ട്. ബോഡി ഗ്രാഫിക്‌സ്, സെന്‍ട്രല്‍ പാനല്‍, ബെല്ലി പാന്‍ എന്നീ ഘടകങ്ങള്‍ FZ, FZS മോഡലുകളെ തമ്മില്‍ വേര്‍തിരിക്കും. എന്നാല്‍ പരിഷ്‌കാരങ്ങള്‍ ബൈക്കിന്റെ പുറംമോടിയില്‍ മാത്രമായി ഒതുങ്ങിപ്പോവുകയാണ്.

നിലവിലെ 149 സിസി ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിന്‍ തന്നെ മൂന്നാംതലമുറ FZ ബൈക്കുകളിലും തുടരുന്നു. എഞ്ചിന് 8,000 rpm ല്‍ 13 bhp കരുത്തും 6,000 rpm ല്‍ 12.8 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്.

മുന്നിലും പിന്നിലും ഡിസ്‌ക്ക് ബ്രേക്കുകള്‍ വേഗം നിയന്ത്രിക്കും. പുതിയ സുരക്ഷാ ചട്ടങ്ങള്‍ മാനിച്ച് ഒറ്റ ചാനല്‍ എബിഎസ് സംവിധാനത്തിന്റെയും പിന്തുണയും ബൈക്കുകള്‍ക്കുണ്ട്. ബ്ലാക്ക് , ഗ്രെയ്, ബ്ലൂ ,സിയാന്‍ എന്നിങ്ങനെ നാല് നിറങ്ങളാണ് FZS ല്‍ തിരഞ്ഞെടുക്കാനാവുക.

Top