ബി.എസ്- 6 മോഡല്‍ ഇരുചക്ര വാഹനങ്ങളുമായി യമഹ എത്തുന്നു

ന്യൂഡല്‍ഹി: ഇരുചക്ര വാഹനങ്ങളുടെ ബി.എസ്- 6 മോഡലുകള്‍ നവംബര്‍ മുതല്‍ വിപണിയിലെത്തിക്കാനൊരുങ്ങി യമഹ മോട്ടോര്‍ ഇന്ത്യ. 2020 ജനുവരിയോടെ ബി.എസ്- 6 സ്‌കൂട്ടറുകളും പുറത്തിറക്കാനാണ് കമ്പനിയുടെ തീരുമാനം. ഏതൊക്കെ മോഡലുകളിലാണ് ബി.എസ്- 6 മാനദണ്ഡങ്ങള്‍ പാലിക്കുകയെന്നതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഉത്പാദനച്ചെലവ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പുതിയ വേരിയന്റുകള്‍ക്ക് വില കൂടുമെന്ന് യമഹ വ്യക്തമാക്കി. വിവിധ മോഡലുകള്‍ക്കനുസരിച്ച് 10 മുതല്‍ 15 ശതമാനം വരെ വില വര്‍ധിക്കാനാണ് സാധ്യത. ഇതു കൂടാതെ തെരഞ്ഞെടുത്ത ഇരുചക്ര വാഹനങ്ങളില്‍ സൈഡ് സ്റ്റാന്റ് സ്വിച്ച് ഫീച്ചര്‍ സ്റ്റാന്റേഡായി നല്‍കുമെന്നും യമഹ അറിയിച്ചു. സെഡ് സ്റ്റാന്റ് പൂര്‍ണമായും പിന്‍വലിക്കുന്നതു വരെ എന്‍ജിന്‍ സ്റ്റാര്‍ട്ട് തടയുന്നതാണ് ഈ സുരക്ഷാ ഫീച്ചര്‍.

ഗ്രാഫിക്‌സിലും നിറങ്ങളിലും പുതുമ ചേര്‍ത്താവും യമഹയുടെ പുതിയ വേരിയന്റുകള്‍ വിപണിയില്‍ എത്തുകയെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Top