ദീപാവലി ആഘോഷത്തിന്‍റെ ഭാഗമായി ഓഫറുകൾ പ്രഖ്യാപിച്ച് യമഹ

ദീപാവലി ആഘോഷത്തിന്‍റെ ഭാഗമായി ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ച് ജാപ്പനീസ്  ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ മോട്ടോർ ഇന്ത്യ. കമ്പനിയുടെ 125 സിസി സ്‍കൂട്ടർ ശ്രേണിയിൽ പ്രത്യേക ക്യാഷ് ബാക്ക് ഓഫറുകളും ആകർഷകമായ ഫിനാൻസ് സ്‍കീമുകളുമാണ് വാഗ്‍ദാനം ചെയ്യുന്നതെന്ന് ഇന്ത്യന്‍ ഓട്ടോസ് ബ്ലോഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഉപഭോക്താക്കൾക്ക് 2021 ഒക്ടോബർ 31 വരെ നിലവിലുള്ള ഓഫറുകൾ പ്രയോജനപ്പെടുത്താം.

ദീപാവലി ഓഫറിൽ ക്യാഷ് ബാക്ക് ആനുകൂല്യങ്ങൾ 3,000 മുതൽ 4,000 രൂപ വരെയാണ് യമഹ ഒരുക്കിയിരിക്കുന്നത്. നിലവിലെ ഉത്സവ സീസൺ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത് യമഹയുടെ 125 സിസി സ്‍കൂട്ടർ ശ്രേണിയിൽ മാത്രമാണ്. കമ്പനിയുടെ മോട്ടോർസൈക്കിളുകളിൽ ഈ ഓഫറുകൾ സാധുവല്ല. അടുത്തിടെ പുറത്തിറക്കിയ യമഹ എയറോക്സ് 155 സ്‍കൂട്ടറിലും ഓഫറുകൾ ലഭ്യമാകില്ല.

എല്ലാ യമഹ ഡീലർഷിപ്പുകളിലൂടെയും പ്രത്യേക ഓഫറുകൾ ബ്രാൻഡ് അവതരിപ്പിച്ചിട്ടുണ്ടെന്നും  നിലവിലുള്ള ഓഫറുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, അംഗീകൃത യമഹ ഡീലർഷിപ്പുകളില്‍ നിന്ന് ലഭിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Top