യാസ് ചുഴലിക്കാറ്റ്; പ്രധാനമന്ത്രി മുന്നൊരുക്കങ്ങള്‍ വിലയിരുത്തി

ന്യൂഡല്‍ഹി: രാജ്യത്ത് യാസ് ചുഴലിക്കാറ്റ് നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചുഴലിക്കാറ്റ് വീശാനിടയുള്ള പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ മുന്‍കൂട്ടി ഒഴിപ്പിക്കുന്ന കാര്യം ഉറപ്പുവരുത്തണമെന്ന് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍നിന്ന് ജനങ്ങള്‍ മാറ്റിത്താമസിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്ന് വേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരോട് പ്രധാനമന്ത്രി നിര്‍ദേശിച്ചതായി പ്രധനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വൈദ്യുതിയും ടെലഫോണ്‍ സംവിധാനവും തകരാറിലായാല്‍ താമസം കൂടാതെ പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കി.

മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ദേശീയ ദുരന്തനിവാരണ അതോറിറ്റി, ടെലികോം, വൈദ്യുതി, സിവില്‍ ഏവിയേഷന്‍, ഭൗമശാസ്ത്രം എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ആഭ്യന്തര മന്ത്രി അമിത് ഷായും മറ്റു മന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു.

അതേസമയം, യാസ് ചുഴലിക്കാറ്റിന് ഇടയാക്കുന്ന ന്യൂനമര്‍ദ്ദം മധ്യ-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.

Top