യാസ് ചുഴലിക്കാറ്റ്; മൂന്ന് ലക്ഷം വീടുകള്‍ തകര്‍ന്നു

കൊല്‍ക്കത്ത: യാസ് ചുഴലിക്കാറ്റ് പശ്ചിമബംഗാളിലും ഒഡീഷയിലും കനത്ത നാശനഷ്ടം വിതച്ചു. സംസ്ഥാനങ്ങളിലെ ഒരു കോടി ജനങ്ങളെയാണ് ചുഴലിക്കാറ്റ് ബാധിച്ചത്. മൂന്നു ലക്ഷം വീടുകള്‍ തകര്‍ന്നതായാണ് പ്രാഥമിക കണക്കുകള്‍. ഒഡീഷയിലെ തീരദേശ ജില്ലകളില്‍ കനത്ത മഴയാണ് ലഭിച്ചതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഭദ്രക് ജില്ലയിലെ ചന്ദ്ബാലിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 288.3 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. ഒഡീഷയിലെ ദുര്‍ഗാപൂര്‍, റൂര്‍ക്കേല വിമാനത്താവളങ്ങള്‍ പ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തി. അടഞ്ഞു കിടക്കുന്ന ജര്‍സുഗുഡ വിരേന്ദ്രസായി, കല്‍ക്കത്ത വിമാനത്താവളങ്ങള്‍ രാത്രി തുറക്കും. റെയില്‍വേ 18 ദീര്‍ഘദൂര ട്രെയിനുകള്‍ റദ്ദാക്കി.

അടുത്ത 24 മണിക്കൂറിനുള്ളില്‍ മഴ പെയ്യുമെന്ന് പ്രതീക്ഷിക്കുന്ന ഒമ്പത് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. യാസ് ചുഴലിക്കാറ്റിപ്പോള്‍ ദുര്‍ബലമായി ശക്തിയും വേഗതവും കുറഞ്ഞ് റാഞ്ചി മേഖലയിലേക്കു നീങ്ങികൊണ്ടിരിക്കുകയാണ്. നാളെ രാവിലെ ന്യൂനമര്‍ദ്ദമായി മാറും. കൊല്‍ക്കത്തയുടെ താഴ്ന്ന ഭാഗങ്ങള്‍ വെള്ളത്തില്‍ മുങ്ങി. നോര്‍ത്ത് 24 പര്‍ഗനാസ്, സൗത്ത് 24 പര്‍ഗനാസ്, ദിഗ, ഈസ്റ്റ് മിഡ്‌നാപ്പൂര്‍, നന്ദിഗ്രാം എന്നീ ജില്ലകളില്‍ വന്‍ നാശമുണ്ടായതായി.

Top