യാസ് ചുഴലിക്കാറ്റ്; മോദിയുമായി മമത ബാനര്‍ജി കൂടിക്കാഴ്ച നടത്തി, റിവ്യൂ മീറ്റിങ്ങില്‍ വിട്ടുനിന്നു

ന്യൂഡല്‍ഹി: യാസ് ചുഴലിക്കാറ്റില്‍ സംസ്ഥാനത്തിനുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച 15 മിനിറ്റ് നീണ്ടുനിന്നു. ഈ ആഴ്ച ബംഗാളിലും ഒഡീഷയിലും ആഞ്ഞടിച്ച യാസ് ചുഴലിക്കാറ്റിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താനുള്ള യോഗത്തിനെത്തിയതായിരുന്നു ഇരുവരും.

നാശനഷ്ടങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് നല്‍കിയശേഷം റിവ്യൂ മീറ്റിങ്ങില്‍ പങ്കെടുക്കാതെയാണ് മടങ്ങിയതെന്ന് മമത അറിയിച്ചു. വെസ്റ്റ് മിഡ്‌നാപൂരിലെ കലൈകുണ്ഡ എയര്‍ബേസിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. 2000കോടി രൂപ ആവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ടാണ് മമത നല്‍കിയത്.

ഇരുവരും അവസാനമായി കണ്ടത് ജനുവരി 23ന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്‍മവാര്‍ഷിക പരിപാടിയിലായിരുന്നു. അന്ന് മമത പ്രസംഗിക്കുമ്പോള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ജയ് ശ്രീരാം മുദ്രാവാക്യം മുഴക്കിയതില്‍ ക്ഷുഭിതയായി അവര്‍ പ്രസംഗം നിര്‍ത്തി ഇറങ്ങിപ്പോയിരുന്നു.

Top