എക്സിന്റെ പരസ്യവരുമാനം ഗാസയിലേയും ഇസ്രയേലിലേയും ആശുപത്രികള്‍ക്ക് നല്‍കും: ഇലോണ്‍ മസ്‌ക്

സാന്‍ഫ്രാന്‍സിസ്‌കോ: ഗാസയിലേയും, ഇസ്രയേലിലേയും ആശുപത്രികള്‍ക്ക് എക്സ് പ്ലാറ്റ്ഫോമില്‍നിന്നുള്ള വരുമാനം നല്‍കുമെന്ന് പ്രഖ്യാപിച്ച് ഇലോണ്‍ മസ്‌ക്. ഇസ്രയേല്‍ – ഹമാസ് യുദ്ധം തുടരുന്ന പശ്ചാത്തലത്തിലാണ് പ്രഖ്യാപനം. പരസ്യ- സബ്സ്‌ക്രിപ്ഷന്‍ ഇനത്തിലുള്ള മുഴുവന്‍ വരുമാനവുമാണ് ഇരുഭാഗത്തേയും ആശുപത്രികള്‍ക്ക് നല്‍കുമെന്ന് മസ്‌ക് എക്സില്‍ കുറിച്ചത്.

ഗാസയിലെ വാര്‍ത്താവിനിമയ ഉപാധികള്‍ തകര്‍ന്നതോടെ, തന്റെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ലിങ്ക് കണക്റ്റിവിറ്റി ഉറപ്പാക്കുമെന്നും മസ്‌ക് അറിയിച്ചിരുന്നു. എക്സ് നല്‍കുന്ന സഹായം ഹമാസ് ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ എന്തുചെയ്യുമെന്ന ചോദ്യത്തോട് ഗാസയിലെ റെഡ് ക്രെസന്റ്/ റെഡ് ക്രോസ് എങ്ങനെ പണം ചെലവഴിക്കുന്നുവെന്ന് കൃത്യമായി നിരീക്ഷിക്കുമെന്ന് മസ്‌ക് മറുപടി നല്‍കി. എല്ലാഭേദങ്ങള്‍ക്കും അതീതമായി നിരപരാധികളോട് കരുണകാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒക്ടോബര്‍ ഏഴിന് ആരംഭിച്ച ഇസ്രയേല്‍- ഹമാസ് യുദ്ധത്തില്‍ ഗാസയില്‍നിന്നുള്ള 13,000-ത്തോളം പേര്‍ക്ക് ജീവന്‍നഷ്ടമായി. ഗാസയിലെ അല്‍ ഷിഫ ആശുപത്രിയടക്കം പ്രവര്‍ത്തനം നിലയ്ക്കുന്ന സാഹചര്യത്തിലേക്ക് എത്തിയിരുന്നു. ഇതിനിടെ ആശുപത്രികളില്‍ ഹമാസ് പ്രവര്‍ത്തകര്‍ ഒളിച്ചിരിക്കുന്നുവെന്ന് ഇസ്രയേലും ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പല ആശുപത്രികള്‍ക്ക് നേരേയും ഇസ്രയേല്‍ ആക്രമണമുണ്ടായി.

Top