ഷവോമി എംഐ മിക്‌സ് 4 സ്മാര്‍ട്‌ഫോണ്‍ പുറത്തിറങ്ങി

വോമിയുടെ മുന്‍നിര സ്മാര്‍ട്ട്ഫോണായ എംഐ മിക്‌സ് 4 ചൈനീസ് വിപണിയില്‍ എത്തി. അണ്ടര്‍ ഡിസ്‌പ്ലെ ക്യാമറയുമായിട്ടാണ് ഈ ഡിവൈസ് ലോഞ്ച് ചെയ്തിരിക്കുന്നത്.

എംഐ മിക്‌സ് 4 സ്മാര്‍ട്ട്‌ഫോണ്‍ മൂന്ന് വേരിയന്റുകളില്‍ ലഭ്യമാകും. ഈ ഡിവൈസിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് ചൈനയില്‍ സിഎന്‍വൈ 4999 (ഏകദേശം 57,340 രൂപ) ആണ് വില. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് സിഎന്‍വൈ 5799 (ഏകദേശം 66,500 രൂപ) വിലയുണ്ട്. 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള ഹൈ എന്‍ഡ് വേരിയന്റിന് ചൈനയില്‍ സിഎന്‍വൈ 6299 (ഏകദേശം 72,250 രൂപ) വിലയുണ്ട്.

സെല്‍ഫികള്‍ക്കായി അണ്ടര്‍ ഡിസ്പ്ലേ ഫ്രണ്ട് ക്യാമറയുള്ള എംഐ മിക്‌സ് 4ന്റെ ഏറ്റവും വലിയ സവിശേഷതയും ഇത് തന്നെയാണ്. 20 മെഗാപിക്‌സല്‍ സെന്‍സറുമായിട്ടാണ് ഈ സിയുപി (ക്യാമറ അണ്ടര്‍ പാനല്‍) സംവിധാനം വരുന്നത്. 6.67 ഇഞ്ച് എഫ്എച്ച്ഡി+ അമോലെഡ് ഡിസ്‌പ്ലേയിലാണ് ഈ സെന്‍സര്‍ സ്ഥാപിച്ചിരിക്കുന്നത്. പാനല്‍ 120Hz റിഫ്രഷ് റേറ്റും HDR10+ സപ്പോര്‍ട്ടുമായി വരുന്നു. എംഐ 11 അള്‍ട്ര പോലെ ഡോള്‍ബി വിഷന്‍ സപ്പോര്‍ട്ടുള്ള 10-ബിറ്റ് പാനലാണ് ഇത്. ഡിസ്‌പ്ലേയുടെ സുരക്ഷയ്ക്കായി ഡിവൈസില്‍ കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് നല്‍കിയിട്ടുണ്ട്.

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 888+ എസ്ഒസിയാണ് ഈ ഡിവൈസിന് കരുത്ത് നല്‍കുന്നത്. 12 ജിബി വരെ എല്‍പിഡിഡിആര്‍ 5 റാമും 512 ജിബി വരെ യുഎഫ്എസ് 3.1 സ്റ്റോറേജും ഫോണില്‍ ഉണ്ട്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 888+ പ്രോസസറുമായി വിപണിയില്‍ എത്തുന്ന ആദ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ കൂടിയാണ് ഇത്. ക്വാല്‍കോം പുറത്തിറക്കിയതില്‍ വച്ച് ഏറ്റവും ശക്തവും പുതിയതുമായ പ്രോസസറാണ് ഇത്. ഓഡിയോയ്ക്കായി ഹാര്‍മോണ്‍ കാര്‍ഡണ്‍ ട്യൂണ്‍ ചെയ്ത സ്പീക്കറുകളാണ് ഡിവൈസില്‍ ഉള്ളത്.

മൂന്ന് പിന്‍ക്യാമറകളാണ് എംഐ മിക്‌സ് 4 സ്മാര്‍ട്ട്‌ഫോണില്‍ ഉള്ളത്. 108 മിഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, ഫ്രീ ഫോം അള്‍ട്രാ-വൈഡ് ആംഗിള്‍ സെന്‍സര്‍, 50X പെരിസ്‌കോപ്പ് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പാണ് ഇത്. മുകളില്‍ സൂചിപ്പിച്ചത് പോലെ ഡിസ്‌പ്ലേയുടെ അടിയില്‍ 20 മെഗാപിക്‌സല്‍ സെല്‍ഫി ഷൂട്ടറും കമ്പനി നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഫുള്‍സ്‌ക്രീന്‍ എക്‌സ്പീരിയന്‍സ് നല്‍കുന്ന ഡിവൈസാണ് ഇത്. 120W വയര്‍ഡ്, 50W വയര്‍ലെസ് ചാര്‍ജിങ് സപ്പോര്‍ട്ട് ചെയ്യുന്ന 4,500mAh ബാറ്ററിയാണ് ഡിവൈസില്‍ ഉള്ളത്.

 

 

Top