സര്‍പ്രൈസ് ഉല്‍പന്നവുമായി ഷവോമി; മാര്‍ച്ച് 16ന് പുറത്തിറക്കും

റെഡ്മിയുടെ മാതൃകമ്പനിയായ ഷവോമി പുതിയൊരു ഉല്‍പന്നം പുറത്തിറക്കാന്‍ പോകുന്നു. മാര്‍ച്ച് 16ന് ഉല്‍പന്നം പുറത്തിറക്കുമെന്നാണ് ഷവോമി അറിയിച്ചിരിക്കുന്നത്. എന്നാല്‍ പുറത്തിറക്കാന്‍ തീരുമാനിച്ചിരിക്കുന്ന ഉല്‍പന്നം ഏതെന്ന് ഇതുവരെ ഷവോമി വ്യക്തമാക്കിയിട്ടില്ല. ഈ സര്‍പ്രൈസ് ഉല്‍പന്നത്തിന്റെ വീഡിയോ ടീസര്‍ ഷവോമി പുറത്തുവിട്ടിട്ടുണ്ട്.

നോട്ട് 9 സീരീസിലെ പുതിയ മോഡലുകള്‍ റെഡ്മി കഴിഞ്ഞ ദിവസമാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇതിന് പിന്നാലെ ഷവോമി പുതിയൊരു ഉല്‍പന്നം പുറത്തിറക്കുന്ന കാര്യം അറിയിച്ചിരിക്കുന്നത്. റെഡ്മി നോട്ട് 9 പ്രോ മാക്സ്, റെഡ്മി നോട്ട് 9 പ്രോ സ്മാര്‍ട്ട്ഫോണുകളാണ് കഴിഞ്ഞ ദിവസം ഇന്ത്യയില്‍ അവതരിപ്പിച്ചത്. 12999 രൂപമുതല്‍ 18999 രൂപ വരെ വിലയിലുള്ള മോഡലുകളാണ് റെഡ്മി അവതരിപ്പിച്ചത്.

പുതിയ ഉല്‍പന്നത്തെക്കുറിച്ച് ചില സൂചനകള്‍ മാത്രമാണ് ഷവോമി നല്‍കിയിട്ടുള്ളത്. ഈ വിവരങ്ങളില്‍ നിന്നും വയര്‍ലെസ് പവര്‍ബാങ്കാണ് ഷവോമി അവതരിപ്പിക്കാന്‍ പോകുന്നത് എന്നാണ് വിവരം.

Top