റെഡ്മി 9i സ്‌പോര്‍ട്ട്, റെഡ്മി 9A സ്‌പോര്‍ട്ട് സ്മാര്‍ട്ട്‌ഫോണുകള്‍ പരിഷ്‌കരിച്ച് ഷഓമി

റെഡ്മി 10 ശ്രേണിയിലെ ആദ്യ ഫോണ്‍, റെഡ്മി 10 പ്രൈം വിപണിയിലെത്തിച്ചെങ്കിലും മുന്‍ഗാമിയായ റെഡ്മി 9 ശ്രേണിയിലെ ഫോണുകള്‍ പരിഷ്‌കരിച്ചു പുറത്തിറക്കുന്നത് തുടരുകയാണ് ഷഓമി. 6 ജിബി റാമുള്ള വേരിയന്റും പുത്തന്‍ നിറവുമായി റെഡ്മി 9 ആക്റ്റീവ് അവതരിപ്പിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ റെഡ്മി 9i സ്‌പോര്‍ട്ട്, റെഡ്മി 9A സ്‌പോര്‍ട്ട് ഫോണുകള്‍ ഷഓമി വില്പനക്കെത്തിച്ചു.

റെഡ്മി 9i, റെഡ്മി 9A ഫോണുകളുമായി സ്‌പെസിഫിക്കേഷനിലോ വിലയിലോ മാറ്റമില്ലാതെയാണ് പുതിയ സ്‌പോര്‍ട്ട് പതിപ്പുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. വെള്ളം തെറിച്ച് ഫോണുകള്‍ക്കുണ്ടാകാവുന്ന തകരാറുകള്‍ ഒരു പരിധിവരെ തടയുന്ന സ്പ്ലാഷ് പ്രൂഫ് P2i കോട്ടിങ് ആണ് പുതിയ സ്‌പോര്‍ട്ട് മോഡലുകളുടെ ആകര്‍ഷണം. മാത്രമല്ല സ്‌പോര്‍ട്ട് മോഡലുകളുടെ നിറങ്ങളിലും വ്യത്യാസമുണ്ട്.

4 ജിബി റാം + 64 ജിബി സ്റ്റോറേജ് ഓപ്ഷന് 8,799 രൂപ, 4 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 9,299 രൂപ എന്നിങ്ങനെയാണ് റെഡ്മി 9i സ്‌പോര്‍ട്ടിന്റെ വില. കാര്‍ബണ്‍ ബ്ലാക്ക്, മെറ്റാലിക് പര്‍പ്പിള്‍, കോറല്‍ ഗ്രീന്‍ നിറങ്ങളില്‍ റെഡ്മി 9i സ്‌പോര്‍ട്ട് വാങ്ങാം. സമാന വിലയിലും റാം + മെമ്മറി കോമ്പിനേഷനിലും കഴിഞ്ഞ വര്‍ഷം വിപണിയിലെത്തിയ റെഡ്മി 9i അതെ സമയം മിഡ്‌നൈറ്റ് ബ്ലാക്ക്, നേച്ചര്‍ ഗ്രീന്‍, സീ ബ്ലൂ നിറങ്ങളിലാണ് വാങ്ങാനാവുക.

2 ജിബി റാം + 32 ജിബി സ്റ്റോറേജിന് 6,999 രൂപ, 3 ജിബി റാം + 32 ജിബി സ്റ്റോറേജ് ഓപ്ഷന് 7,999 രൂപ എന്നിങ്ങനെയാണ് റെഡ്മി 9A സ്‌പോര്‍ട്ടിന്റെ വില. കാര്‍ബണ്‍ ബ്ലാക്ക്, മെറ്റാലിക് പര്‍പ്പിള്‍, കോറല്‍ ഗ്രീന്‍ നിറങ്ങളിലാണ് റെഡ്മി 9A സ്‌പോര്‍ട്ട് വാങ്ങാനാവുക. സമാന വിലയിലും റാം + മെമ്മറി കോമ്പിനേഷനിലും കഴിഞ്ഞ വര്‍ഷം വിപണിയിലെത്തിയ റെഡ്മി 9A അതെ സമയം മിഡ്‌നൈറ്റ് ബ്ലാക്ക്, നേച്ചര്‍ ഗ്രീന്‍, സീ ബ്ലൂ നിറങ്ങളിലാണ് വാങ്ങാനാവുക.

ആന്‍ഡ്രോയിഡ് 10 അധിഷ്ഠിത MIUI 12 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഡ്യുവല്‍ സിം ഫോണാണ് റെഡ്മി 9i സ്‌പോര്‍ട്ട്. 9.5:9 ആസ്‌പെക്ട് റേഷ്യോയുള്ള 6.53 ഇഞ്ച് എച്ച്ഡി+ (720×1,600 പിക്സല്‍) എല്‍സിഡി ഡിസ്പ്ലേയ്ക്ക് 270 നിറ്റ്‌സ് ബ്രൈറ്റ്‌നെസ്സുണ്ട്. ഒക്ടകോര്‍ മീഡിയടെക് ഹെലിയോ ജി25 SoC പ്രൊസസറാണ് ഫോണിന്റെ കരുത്ത്. 13 മെഗാപിക്‌സല്‍ പിന്‍ ക്യാമറയും (എഫ്/2.2 അപര്‍ച്ചര്‍), 5 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും റെഡ്മി 9i സ്‌പോര്‍ട്ടിനുണ്ട്. 10W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 5,000mAh ബാറ്ററിയാണ് റെഡ്മി 9i സ്‌പോര്‍ട്ടില്‍.

ആന്‍ഡ്രോയിഡ് 10 അധിഷ്ഠിത MIUI 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഡ്യുവല്‍ സിം ഫോണാണ് റെഡ്മി 9A സ്‌പോര്‍ട്ട്. 20:9 ആസ്‌പെക്ട് റേഷ്യോയുള്ള 6.53 ഇഞ്ച് എച്ച്ഡി+ (720×1,600 പിക്സല്‍) ഡോട്ട് ഡ്രോപ്പ് സ്‌റ്റൈല്‍ എല്‍സിഡി ഡിസ്പ്ലേ ആണ് റെഡ്മി 9A സ്‌പോര്‍ട്ടിന്. മീഡിയടെക് ഹെലിയോ ജി25 SoC പ്രൊസസറാണ് ഫോണിന്റെ കരുത്ത്. 13 മെഗാപിക്‌സല്‍ പിന്‍ ക്യാമറയും (എഫ്/2.2 അപര്‍ച്ചര്‍), 5 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും റെഡ്മി 9A സ്‌പോര്‍ട്ടിനുണ്ട്. 10W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 5,000mAh ബാറ്ററിയാണ് ഫോണില്‍ പായ്ക്ക് ചെയ്തിരിക്കുന്നത്.

 

Top