റെഡ്മി നോട്ട് ശ്രേണിയില്‍ ഷവോമി ഇന്ത്യന്‍ വിപണിയിലെത്തിച്ച റെഡ് മീ നോട്ട് 3 ബജറ്റ് ഫാബ്ലറ്റ് എന്ന ഗണത്തില്‍ ശ്രദ്ധ നേടുന്ന സ്മാര്‍ട്ട് ഫോണായി മാറും. ഈ വിഭാഗത്തില്‍ താരതമ്യേന മത്സരം കുറവായിരുന്ന ഇന്ത്യന്‍ വിപണിയില്‍ രണ്ട് വര്‍ഷം മുന്‍പ് റെഡ് മീ നോട്ട് ഫോണുമായെത്തിയ ഷവോമി ഇപ്പോള്‍ നോട്ട് 3 അവതരിപ്പിക്കുമ്പോള്‍ എതിരാളികള്‍ നിരവധിയാണ്, അവര്‍ കരുത്തരുമാണ്.
ചൈനയില്‍ നിന്നുള്ള കൂള്‍പാഡ്, ലെനോവോ, ഹുവായ്, എല്‍ ഇ ഇക്കോ എന്നീ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കള്‍ വിലക്കുറഞ്ഞ ഫാബ്ലറ്റ് ശ്രേണിയില്‍ കിണഞ്ഞു പയറ്റുന്നതിനിടെയിലും ഷവോമി റെഡ് മീ നോട്ട് 3 ചില സവിശേഷതകളിലൂടെ ഉപഭോക്താക്കളുടെ ശ്രദ്ധയാകര്‍ഷിക്കും.
പഴയ റെഡ് മീ നോട്ടിന്റെ അതേ വിലയ്ക്ക് പുതിയ നോട്ട് 3 വിപണിയിലെത്തിച്ച് സ്വന്തം ഉപഭോക്താക്കളെ തൃപ്തരാക്കാന്‍ ഷവോമിക്കായിട്ടുണ്ട്. 9,999 രൂപയ്ക്ക് മാര്‍ച്ച് 3ന് ഇന്ത്യയിലെത്തിയ റെഡ്മി നോട്ട് 3 യുടെ 2 ജിബി റാമും 16 ജിബി ആന്തരിക സ്റ്റോറേജ് ശേഷിയുമുള്ള മോഡലിനൊപ്പം 11,999 രൂപക്ക് വാങ്ങാവുന്ന 3 ജിബി റാമും 32 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജ് ശേഷിയുമുള്ള മറ്റൊരു മോഡലും അവതരിപ്പിച്ചിട്ടിട്ടുണ്ട്.
മികച്ച മെറ്റല്‍ ബോഡി രൂപകല്‍പ്പനയോടെയെത്തിയിരിക്കുന്ന ഫോണ്‍ ഗോള്‍ഡ്, സില്‍വര്‍, ഡാര്‍ക്ക് ഗ്രേ നിറങ്ങളിലാണ് വിപണിയിലെത്തുന്നത്. 4050 എംഎഎച്ച് ശേഷിയുള്ള ബാറ്ററി മികച്ച ബാക്കപ്പ് നല്‍കുമ്പോള്‍ ദിനം മുഴുവന്‍ വൈഫെ അല്ലെങ്കില്‍ 3ജി സര്‍വീസില്‍ കണക്ടഡായി തുടരുന്ന ഉപയോഗിക്കുന്ന ഒരു ഉപഭോക്താവിന് ശരാശരി ഒരു ദിവസത്തോളം ഉപയോഗിക്കാന്‍ ഈ ബാറ്ററി ധാരാളമാണ്. അതോടൊപ്പം വെറും 4 മണിക്കൂര്‍ സമയം കൊണ്ട് ഈ ബാറ്ററിക്ക് ഫുള്‍ ചാര്‍ജ് സംഭരിക്കാനും സാധിക്കും.