ലോക് ഡൗണ്‍; ഷവോമി, റിയല്‍മി,വിവോ പുതിയ ഫോണുകളുടെ ലോഞ്ചിങ് നീട്ടി

സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷവോമി, റിയല്‍മി,വിവോ എന്നിവര്‍ ഇന്ത്യയില്‍ പുതിയ ഫോണുകള്‍ പുറത്തിറക്കുന്നത് മാറ്റിവച്ചതായി അറിയിച്ചു. രാജ്യത്തൊട്ടാകെ 21 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി.

നേരത്തെ മാര്‍ച്ച് 26 ന് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ നിശ്ചയിച്ചിരുന്ന നാര്‍സോ സീരീസിന്റെ ലോഞ്ചാണ് റിയല്‍മി മാറ്റിവച്ചത്. മാര്‍ച്ച് 31 ന് തീരുമാനിച്ചിരുന്ന എംഐ 10 ലോഞ്ചാണ് ഷവോമി മാറ്റിവെച്ചത്.

ഡ്യുവല്‍ ക്യാമറ പഞ്ച്-ഹോള്‍, ക്വാഡ് ക്യാമറ സിസ്റ്റം എന്നിവയുമായി വരുന്ന വിവോ വി 19 വരാനിരിക്കുന്ന മിഡ് റേഞ്ച് സ്മാര്‍ട്ട്‌ഫോണായ വിവോ വി 19 പുറത്തിറക്കുന്നതും മാറ്റിവെച്ചു.

‘മാര്‍ച്ച് 24 ന് പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനവുമായി ബന്ധപ്പെട്ട്, റിയല്‍മി നാര്‍സോ സീരീസിന്റേതുള്‍പ്പടെ നടത്താനിരുന്ന എല്ലാ അവതരണപരിപാടികളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. നമ്മളുടെ കുടുംബത്തിലും നമ്മിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയം. വീട്ടില്‍ തന്നെ തുടരുക, സുരക്ഷിതമായി തുടരുക, പ്രാദേശിക അധികാരികളുമായി സഹകരിക്കുക , ”റിയല്‍മി ഇന്ത്യ സിഇഒ മാധവ് ഷേത്ത് ട്വീറ്റ് ചെയ്തു.

സര്‍ക്കാരില്‍ നിന്നും കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നതുവരെ റിയല്‍മിയുടെ ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ നിര്‍മാണ ശാലയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് ഷെത്ത് പ്രഖ്യാപിച്ചു.

കൊറോണ വൈറസ് പാന്‍ഡെമിക്കിന്റെ വ്യാപനം നിയന്ത്രിക്കുന്നതിനായി ഇന്ത്യ നിലവില്‍ 21 ദിവസത്തെ രാജ്യവ്യാപകമായി ലോക്ക്ഡൗണിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്, ഏപ്രില്‍ 14നെ ഇനി ലോക് ഡൗണ്‍ അവസാനിക്കൂ.

Top