xiaomi mi note book air 4g

പ്രശസ്ത ചൈനീസ് ഇലക്ട്രോണിക്‌സ് ഉപകരണ നിര്‍മാതാക്കളായ സിയോമി വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന പുതിയ എം ഐ നോട്ട് വിപണിയിലെത്തിച്ചു.

സിയോമിയുടെ തട്ടകമായ ചൈനയിലാണ് പുതിയ ലാപ്‌ടോപ്പ് ആദ്യമായി വിപണിയിലെത്തിയത്. രണ്ടു മോഡലുകളാണ് എയര്‍ 4ജി ലാപ്പിനുള്ളത്. 4 ജി നെറ്റ് വര്‍ക്ക് സപ്പോര്‍ട്ട് ചെയ്യുന്നതാണ് ഈ ലാപ്‌ടോപ്പ്.

12.5 ഇഞ്ച് സ്‌ക്രീന്‍ സൈസുള്ള ആദ്യമോഡലിന് ഏകദേശം 46500 രൂപയും 13.3 ഇഞ്ച് സ്‌ക്രീന്‍ സൈസുള്ള അടുത്തമോഡലിന് 69,500 രൂപയുമാണ് വില.

ഏതാനും മാസങ്ങള്‍ക്കുമുമ്പ് എം ഐ നോട്ട് ബുക്ക് എയര്‍ സീരിസിലുള്ള മൊബൈല്‍ നെറ്റ് വര്‍ക്ക് സപ്പോര്‍ട്ടില്ലാത്ത മോഡല്‍ സിയോമി വിപണിയിലെത്തിച്ചിരുന്നു.

34,000 രൂപ, 49,500 രൂപ എന്നിങ്ങനെയായിരുന്നു ആ മോഡലിന് വില. പുതുതായിറക്കിയ എയര് 4 ജി 12.5 മോഡല്‍ ഫുള്‍ എച്ച് ഡി ഡിസ്‌പ്ലേയോടുകൂടിയതാണ്.

ഇന്റല്‍ കോര്‍ എം 3 പ്രോസസറാണ് ഇതിന് ശക്തിപകരുക. മികച്ച പ്രവര്‍ത്തനത്തിനായി 4 ജി ബിഎല്‍ പി ഡി ഡി ആര്‍ 3 മെമ്മറിയുമുള്‍പ്പെടുത്തിയിട്ടുണ്ട്.

128 ജി ബിയുടെ എസ് എസ് ഡി ഡ്രൈവാണ് സ്റ്റോറേജ് ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരിക്കുന്നത്. സ്റ്റോറേജ് കൂട്ടുന്നതിനായുള്ള സൌകര്യവുമുണ്ട്.

ഡോള്‍ബി ഡിജിറ്റല്‍ സൌണ്ട് സിസ്റ്റത്തോടു കൂടിയ ഇരട്ട സ്പീക്കറുകള്‍, വൈഫൈ, ബ്ലൂടൂത്ത് 4.1, യുഎസ് ബി 3 പോര്‍ട്ടുകള്‍, യുഎസ് ബി ടൈപ്പ് സി പോര്‍ട്ട് എന്നിവയാണ് മറ്റ് സൌകര്യങ്ങള്‍ ഒറ്റ ചാര്‍ജിംഗില്‍ 11.5 മണിക്കൂര്‍ ഉപയോഗിക്കാനാവുമെന്ന് അവകാശപ്പെടുന്ന ഈ ലാപ്‌ടോപ്പിന് 1.07 കിലോ മാത്രമാണ് ഭാരം.

13.3 ഇഞ്ച് വലിപ്പമുള്ള രണ്ടാമത്തെ മോഡല്‍ കുറേ കൂടി വേഗതയേറിയതാണ് ഇതില്‍ ഇന്റല്‍ കോര്‍ ഐ 7 പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്.

ഗ്രാഫിക്‌സിനായി എന്‍വീദിയ ജിഫോഴ്‌സ് 940 എം എക്‌സ് ഗ്രാഫിക്‌സ് പ്രോസസറും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 8 ജി ബിയാണ് റാം. സ്റ്റോറേജിനായി 256 ജിബിഎസ് എസ് ഡി ഉപയോഗിച്ചിരിക്കുന്നത്.

9.5 മണിക്കൂര്‍ ഉപയോഗ സമയം ലഭ്യമാക്കുന്ന ഈ മോഡലിന് 1.28 കിലോയാണ് ഭാരം.

Top