ക്വാഡ് ക്യാമറയുമായി ഷാവോമിയുടെ എംഐ 10 സ്മാര്‍ട്ഫോണ്‍ മെയ് എട്ടിന് എത്തും

ഷാവോമിയുടെ എംഐ 10 സ്മാര്‍ട്ഫോണ്‍ മെയ് എട്ടിന് ഇന്ത്യന്‍ വിപണിയിലേയ്ക്ക്.
ആദ്യം മാര്‍ച്ച് 31നായിരുന്നു എംഐ 10 സ്മാര്‍ട്ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനിരുന്നത്. എന്നാല്‍ മാര്‍ച്ച് 25ന് കേന്ദ്രസര്‍ക്കാര്‍ രാജ്യവ്യാപക ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഷവോമിയുടെ ഓണ്‍ലൈന്‍ സമാരംഭം മാറ്റിവയ്ക്കുകയായിരുന്നു.

മൂന്നാം ഘട്ട ലോക്ക്ഡൗണില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചതില്‍ ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ക്ക് സ്മാര്‍ട്ഫോണുകള്‍ ഉള്‍പ്പടെയുള്ള അവശ്യേതര സാധനങ്ങള്‍ വില്‍ക്കാന്‍ അനുമതി ലഭിച്ചതോടെയാണ് ഫോണ്‍ പുറത്തിറക്കാന്‍ കമ്പനി തീരുമാനിച്ചത്.

6.67 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ് എംഐ 10 ന്. ഫോണിന്12 ജിബി വരെ റാം ശേഷിയും 256 ജിബി വരെ ഇന്റേണല്‍ സ്റ്റോറേജും ലഭിക്കും.

പഞ്ച് ഹോള്‍ ഡിസ്‌പ്ലേയില്‍ 20 എംപി സെല്‍ഫി ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. 108 എംപി പ്രധാന സെന്‍സര്‍ ആയുള്ള ക്വാഡ് ക്യാമറ സംവിധാനത്തില്‍ 13 എംപി ടെലിഫോട്ടോലെന്‍സ്, രണ്ട് മെഗാപിക്‌സലിന്റെ രണ്ട് സെന്‍സറുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

4780 എംഎഎച്ച് ഫോണിന്റെ ബാറ്ററി കപ്പാസിറ്റി. ഫോണില്‍ വയര്‍ലെസ് ചാര്‍ജിങ് സൗകര്യം ലഭിക്കും. ട്വിലൈറ്റ് ഗ്രേ, കോറല്‍ ഗ്രീന്‍ എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് ഈ ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തുക .ഇന്ത്യയിലെത്തുന്ന എംഐ 10 ഫോണില്‍ ഡ്യുവല്‍ സിം കണക്റ്റിവിറ്റിയുണ്ടാവും.

ട്വിലൈറ്റ് ഗ്രേ, കോറല്‍ ഗ്രീന്‍ എന്നിങ്ങനെ രണ്ട് നിറങ്ങളില്‍ വിപണിയിലെത്തുന്ന ഫോണിന് ഇന്ത്യയില്‍ എത്രയാകും വിലയെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ഇന്ത്യയിലെ വര്‍ധിച്ച ജിഎസ്ടി, നേരിട്ടുള്ള ഇറക്കുമതി പോലുള്ള ഘടകങ്ങള്‍ ഇന്ത്യയിലെ ഫോണിന്റെ വിലയെ സ്വാധിനിച്ചേക്കാമെന്നാണ് സൂചന. അതുകൊണ്ട് തന്നെ എംഐ 10 ന്റെ ചൈനയിലെ വിലയ്ക്ക് തുല്യമായ വിലയായിരിക്കില്ല ഇന്ത്യയില്‍.

Top