ഇന്ത്യന്‍ വിപണി വിഹിതത്തില്‍ കനത്ത നഷ്ടം നേരിട്ട് ഷവോമി

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ കഴിഞ്ഞ പതിനേഴ് വര്‍ഷത്തോളം ഒന്നാം സ്ഥാനം നിലനിര്‍ത്തുന്ന ചൈനീസ് കമ്പനി ഷവോമിക്ക് രാജ്യത്തെ വിപണി വിഹിതത്തില്‍ ആധിപത്യം നഷ്ടപ്പെടുന്നു. 2020 ഒന്നാം പാദം മുതലുള്ള കണക്കനുസരിച്ച് എട്ട് ശതമാനമാണ് കമ്പനിക്ക് വിപണി വിഹിതത്തിലുള്ള നഷ്ടം.

കൗണ്ടര്‍ പോയിന്റ് റിസര്‍ച് പുറത്ത് വിട്ട വിവരങ്ങള്‍ പ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ 29 ശതമാനം വിപണി വിഹിതമാണ് ഷവോമി രേഖപ്പെടുത്തിയത്. ഇതിനു ശേഷം വിപണി വിഹിതത്തിന്റെ സൂചിക താഴേക്കാണ്. വിപണി വിഹിതത്തില്‍ ഇടിവുണ്ടായെങ്കിലും ഇന്ത്യന്‍ വിപണിയിലെ ആധിപത്യം നിലനിര്‍ത്താന്‍ ഷവോമിക്ക് സാധിച്ചു.

ആഗോള ചിപ്പ് ക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ ചില ബ്രാന്‍ഡുകള്‍ ചൈനീസ് ചിപ്പ് നിര്‍മാതാക്കളായ യുണിസോകിന്റെ പ്രൊസസര്‍ ചിപ്പുകള്‍ ഉപയോഗിച്ച് എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയിലിറക്കിയിരുന്നു. എന്നാല്‍ വിതരണ ശ്രുംഖലയിലെ പ്രശ്‌നങ്ങള്‍ മൂലം ഷവോമിക്ക് ഇതിന് സാധിച്ചില്ല. 2021 ല്‍ പുറത്തിറങ്ങിയ 6000 രൂപയില്‍ താഴെ വിലയുള്ള പത്ത് ഫോണുകളില്‍ രണ്ടും യുണിസോക് പ്രൊസസര്‍ ഉപയോഗിച്ചവയാണെന്ന് ഗവേഷണ സ്ഥാപനമായ ടെക്കാര്‍ക്ക് പറയുന്നു.

Top