ഇത് ചൈന നേരിടുന്ന പ്രധാന പരീക്ഷണം; പ്രതിസന്ധിയില്‍ പ്രതികരണം പോരാ; ‘ഷീ’

ചൈനീസ് വ്യവസ്ഥിതി നേരിടുന്ന സുപ്രധാന പരീക്ഷണമാണ് കൊറോണാവൈറസ് ബാധയെന്ന് പ്രസിഡന്റ് ഷീ ജിന്‍പിംഗിന്റെ സ്ഥിരീകരണം. രാജ്യം ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉന്നത രാഷ്ട്രീയ സംഘമായ പൊളിറ്റ്ബ്യൂറോ സ്റ്റാന്‍ഡിംഗ് കമ്മിറ്റി രണ്ടാം വട്ടം പ്രത്യേക യോഗം വിളിച്ചുചേര്‍ത്തപ്പോഴാണ് ചൈനീസ് നേതാവ് ഷീ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കൊറോണാവൈറസിനെ പ്രതിരോധിക്കാനുള്ള നടപടികളില്‍ ഷീ നേരിട്ട് ഇറങ്ങിയത് പ്രശ്‌നങ്ങളുടെ ആഴം വ്യക്തമാകുന്നു.

ജനുവരി 23ന് വൈറസ് ബാധ പടരുന്നത് ഒഴിവാക്കാനായി വുഹാന്‍ നഗരം അടച്ചിടാന്‍ പ്രാദേശിക സര്‍ക്കാര്‍ തീരുമാനിച്ച ശേഷം ഇത് രണ്ടാം വട്ടമാണ് ചൈനീസ് നേതാവ് പൊതുരംഗത്ത് എത്തുന്നത്. വുഹാനിലെ പ്രശ്‌നപരിഹാരത്തിന് നേതൃത്വം നല്‍കാന്‍ രാജ്യത്തെ രണ്ടാമത്തെ നേതാവായ പ്രധാനമന്ത്രി ലീ കെകിയാംഗിനെ സീ രംഗത്തിറക്കിയെങ്കിലും മരണസംഖ്യ 492ല്‍ തൊട്ടു. ഏകദേശം 24,324 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.

ചൈനയുടെ വ്യവസ്ഥിതിക്കും, ഭരണനിര്‍വ്വഹണത്തിന്റെ കഴിവും അളക്കുന്നതാണ് നിലവിലെ പ്രതിസന്ധിയെന്ന് പൊളിറ്റ്ബ്യൂറോ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ ഷീ ജിന്‍പിംഗ് വ്യക്തമാക്കി. ഭരണതലത്തില്‍ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്ന് സമ്മതിക്കുന്നതാണ് നേതാവിന്റെ ഈ വാക്കുകള്‍. നടപടിക്രമങ്ങളുടെ പേരില്‍ പ്രതിരോധ നടപടികള്‍ കുരുങ്ങി കിടക്കുന്നതിന് എതിരെ ഉദ്യോഗസ്ഥര്‍ക്കും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഉത്തരവുകള്‍ ലംഘിക്കുന്നവര്‍ക്കും, ഉത്തരവാദിത്വങ്ങള്‍ ഒഴിവാക്കുന്നവര്‍ക്കും തക്കതായ ശിക്ഷ നല്‍കുമെന്നും ഷീ വ്യക്തമാക്കിയതായി സിന്‍ഹുവാ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഏതാനും പ്രാദേശിക ഉദ്യോഗസ്ഥരെ ഡ്യൂട്ടിയില്‍ നിന്നും നിലവില്‍ മാറ്റിയിട്ടുണ്ട്. കൂടുതല്‍ പേരുടെ കസേര തെറിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഷീ ഉള്‍പ്പെടെ പാര്‍ട്ടിയിലെ ശക്തരായ ആറ് അധികൃതരാണ് പൊളിറ്റ്ബ്യൂറോ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങള്‍. ദേശീയ നയം തന്നെ മാറ്റാനും, പാരിസ്ഥിതിക നിലവാരം ഉയര്‍ത്താനും, വൈറസ് ബാധ മനുഷ്യനിലെത്തിച്ച വന്യമൃഗ മാംസം വില്‍പ്പന അവസാനിപ്പിക്കാനും പദ്ധതിയുണ്ട്.

Top