ചൈനയെ ആധുനിക സോഷ്യലിസ്റ്റ് രാജ്യമാക്കിമാറ്റുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്

ബെയ്ജിങ്: ചൈനയെ ആധുനിക സോഷ്യലിസ്റ്റ് രാജ്യമാക്കിമാറ്റുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്.

വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ രാജ്യത്തിന്റെ സാമ്പത്തിക നയം കൂടുതല്‍ ഉദാരമാക്കുമെന്നും ഷി ചിന്‍പിങ് പറഞ്ഞു.

ബെയ്ജിങ്ങില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 19ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സേവന മേഖലകളില്‍ കൂടുതല്‍ വിദേശ നിക്ഷേപം കൊണ്ടുവരുമെന്നും കമ്പോളത്തെ അടിസ്ഥാനമാക്കി സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ വിപുലമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേരിടുന്ന ഏറ്റവും വലിയ ഭീഷണി അഴിമതിയാണ്, അഴിമതിക്കെതിരായ പോരാട്ടം എപ്പോഴുമുണ്ടാകും. അഴിമതിയോടു പാര്‍ട്ടിയിലും ഭരണതലത്തിലും സഹിഷ്ണുത ഉണ്ടാകില്ല. രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും എന്തുവില കൊടുത്തും സംരക്ഷിക്കുമെന്നു പ്രഖ്യാപിച്ച ചിന്‍പിങ് സ്വാതന്ത്ര്യത്തിനായുളള തായ്‌വാന്റെ ആവശ്യം തളളി. വിഘടനവാദികള്‍ക്കെതിരെ ആവശ്യമെങ്കില്‍ ബലം പ്രയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സാമ്പത്തിക, ധനകാര്യ പരിഷ്‌കാരങ്ങള്‍ നടപ്പാക്കും. വിപണിയിലേക്കു വിദേശ നിക്ഷേപകരെ ക്ഷണിക്കും തുടങ്ങി ചൈനയെ ആധുനിക സോഷ്യലിസ്റ്റ് രാജ്യമാക്കാനുള്ള മാര്‍ഗരേഖയുമായാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമ്മേളനം ആരംഭിച്ചത്.

Top