ചൈനീസ് പ്രസിഡന്റായും പാർട്ടി സെക്രട്ടറിയായും മൂന്നാം തവണയും ഷി ജിൻപിങ്

ചൈനീസ് പ്രസിഡന്റായും കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയായും ഷി ജിൻപിങ് മൂന്നാം തവണയും. മാവോയ്ക്ക് ശേഷം രണ്ടിലധികം തവണ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയായി ചരിത്രത്തിലിടം പിടിക്കുകയാണ് ഷി ജിൻപിങ്. ചൈനയെ നവ സോഷ്യലിസ്റ്റ് രാജ്യമാക്കാൻ വിശ്വാസം അർപ്പിച്ചതിൽ നന്ദിയെന്ന് ഷി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രതികരിച്ചു. മൂന്നാം തവണയും നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ബെയ്ജിംഗിലാകെ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

ചൈനയെന്നാൽ ഷീ ജിൻപിങ്ങാണെന്ന് ഉറപ്പിക്കുകയാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഇരുപതാമത് പാർട്ടി കോണ്‍ഗ്രസ്. ഒരു ഭരണാധികാരിക്ക് രണ്ട് അവസരമെന്ന രണ്ട് പതിറ്റാണ്ടിന്റെ കീഴ്വഴക്കം അവസാനിപ്പിച്ചാണ് മൂന്നാം തവണയും ഷീ ജിൻപിങ് പാർട്ടി തലവാനാകുന്നത്. വിപ്ലവത്തിന് ശേഷം മാവോ സെതൂങ്ങ്, ജിയാങ്ങ് സെമിൻ രണ്ട് പേർക്ക് മാത്രമാണ് രണ്ടിൽ കൂടുതൽ തവണ പാർട്ടി തലപ്പത്തേക്കെത്താൻ മുമ്പ് അവസരം ലഭിച്ചത്. ഈ അസാധാരണ അംഗീകാരമാണ് ഷീ ജിൻപിങിലേക്കും എത്തിയത്. കർശന നിയന്ത്രണങ്ങളിൽ ചൈനയെ സീറോ കൊവിഡ് രാജ്യമാക്കുക ,തായ് വാൻ അധിനിവേശം ഇത് രണ്ടുമാണ് ഷിയുടെ ഹൃസ്വകാല ലക്ഷ്യങ്ങൾ.

അതേസമയം ഏറ്റവും വലിയ അധികാര സമിതിയായ പൊളിറ്റ് ബ്യൂറോ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ നിന്ന് നാല് പേർ ഒഴിവാകുമെന്ന് ഉറപ്പായി. കാരണം തെരഞ്ഞെടുക്കപ്പെട്ട 205 അംഗ കേന്ദ്രകമ്മിറ്റിയിൽ അവരില്ല. ഇതിൽ തന്നെക്കാൾ രണ്ട് വയസ് ചെറുപ്പമുള്ള ചൈനീസ് പ്രധാനമന്ത്രി ലീ കെക്വാങ്ങിനെ വെട്ടിനിരത്തിയാണ് ഷീ ജിൻപിങ്ങ് ഞെട്ടിക്കുന്നത്. ഉറ്റ വിശ്വസ്തരായ രണ്ട് പേരെ മാത്രം ഷീ നിലനിർത്തി. ഒന്ന് ചൈനീസ് പ്രസിഡന്റിന്റെ ധൈഷണിക കേന്ദ്രമായ വാൻ ഹ്യൂങ്ങിങ്ങാണ്. രണ്ടാമൻ ഷീയുടെ അച്ചടക്ക സമിതി ചെയർമാൻ ഷാവോ ലെജി. ചൈനയിലെ ഒൻപതര കോടി പാർട്ടി അംഗങ്ങളിൽ നിന്നും തെരഞ്ഞെടുത്ത 2296 പാർട്ടി കോണ്‍ഗ്രസ് പ്രതിനിധികളാണ് ഷീയെ സർവാധികാരിയാക്കുന്നത്.

Top