യൂട്യൂബിനോട് മല്ലിടാൻ എക്‌സ്, പുതിയ ടിവി ആപ്പ് വെെകാതെ എത്തും

ലോണ്‍ മസ്‌കിന്റെ കയ്യിലെത്തിയതിന് ശേഷം സോഷ്യല്‍ മീഡിയാ സേവനമായ ട്വിറ്ററിന് ഒട്ടേറെ മാറ്റങ്ങള്‍ സംഭവിച്ചു. ട്വിറ്റര്‍ എന്ന പേര് തന്നെ മാറി. എക്സ്.കോം എന്ന പേരിലാണ് ഇപ്പോഴത് അറിയപ്പെടുന്നത്. ഒരു മൈക്രോ ബ്ലോഗിങ് സൈറ്റ് എന്ന നിലയില്‍ നിന്ന് ലിങ്ക്ഡ്ഇനെ പോലെ തൊഴിലവസരങ്ങള്‍ പ്രസിദ്ധീകരിക്കാനുള്ള ഇടം, പണമിടപാടുകള്‍ നടത്താനുള്ള സൗകര്യം, ഡേറ്റിങ്, ഇ കൊമേഴ്സ് തുടങ്ങി വിവിധ കാര്യങ്ങള്‍ ലഭിക്കുന്ന എവരിതിങ് ആപ്പ് എന്ന നിലയിലേക്ക് ഈ പ്ലാറ്റ്ഫോമിനെ പരിവര്‍ത്തനം ചെയ്യാനാണ് തന്റെ പദ്ധതിയെന്ന് ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചിട്ടുണ്ട്.

യൂട്യൂബുമായി മത്സരിക്കുന്നതിന് ഒരു ടിവി ആപ്പ് അവതരിപ്പിക്കാനുള്ള പദ്ധതിയിലാണ് മസ്‌ക് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സാംസങ്, ആമസോണ്‍ സ്മാര്‍ട് ടിവി എന്നിവയിലാണ് എക്സിന്റെ ടിവി ആപ്പ് ആദ്യം എത്തുകയെന്ന് ഫോര്‍ച്ച്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യൂട്യൂബിനെ കൂടാതെ ട്വിച്ച് എന്ന വീഡിയോ സ്ട്രീമിങ് സേവനത്തോട് മത്സരിക്കാനും സിഗ്‌നല്‍ എന്ന മെസേജിങ് ആപ്പിമായും റെഡ്ഡിറ്റുമായും മത്സരിക്കാനും എക്സിന് പദ്ധതിയുണ്ട്.

എന്തായാലും എക്സ് വീഡിയോ സ്ട്രീമിങ് രംഗത്തേക്ക് വരാനൊരുങ്ങുന്നുവെന്നത് പുതിയ വാര്‍ത്തയല്ല. മുമ്പ് പലതവണ മസ്‌ക് ഇതുമായി ബന്ധപ്പെട്ട സൂചനകള്‍ തന്നിട്ടുണ്ട്. 2023 ല്‍ ദൈര്‍ഘ്യമേറിയ വീഡിയോകള്‍ കാണാന്‍ ട്വിറ്ററിന്റെ ടിവി ആപ്പ് വേണം എന്നാവശ്യപ്പെട്ടുള്ള ഒരു ട്വിറ്റര്‍ ഉപഭോക്താവിന്റെ ആവശ്യത്തിന് ‘ അത് താമസിയാതെ വരും’ എന്നാണ് മസ്‌ക് മറുപടി നല്‍കിയത്.

2005 ല്‍ നിലവില്‍ വന്ന യൂട്യൂബ് ഇന്ന് വീഡിയോ സ്ട്രീമിങ് രംഗത്തെ ഏറ്റവും ശക്തമായ സാന്നിധ്യമാണ്. ക്രിയേറ്റര്‍മാര്‍, ഇന്‍ഫ്ളുവന്‍സര്‍മാര്‍, സിനിമാ ആസ്വാദകര്‍, ഗെയിമര്‍ മാര്‍ ഉള്‍പ്പടെ വലിയൊരു വിഭാഗത്തിന്റെ പിന്തുണ കാലങ്ങളായി നേടിയുത്തിട്ടുണ്ട് യൂട്യൂബ്. ആ യൂട്യൂബിനോടാണ് മസ്‌കിന്റെ എക്സ് മത്സരിക്കാനൊരുങ്ങുന്നത്.

 

Top