ഡബ്ല്യുഡബ്ല്യുഇ സൂപ്പര്‍ താരം ജെയിംസ് ഹാരിസ് അന്തരിച്ചു

ന്യൂയോര്‍ക്ക്: ഡബ്ല്യുഡബ്ല്യുഇയിലെ സൂപ്പര്‍ താരങ്ങളിലൊരാളായ ജെയിംസ് ഹാരിസ് അന്തരിച്ചു. കമാല എന്ന പേരിലായിരുന്നു ഡബ്ല്യുഡബ്ല്യുഇയില്‍ ജെയിംസ് ഹാരിസ് പ്രശസ്തനായിരുന്നത്. 70ാം വയസിലാണ് കമാല മരണത്തിന് കീഴടങ്ങിയത്. കമാലയുടെ നിര്യാണത്തില്‍ ഡബ്ല്യുഡബ്ല്യുഇ സംഘാടകര്‍ അനുശോചനം രേഖപ്പെടുത്തി.

അമേരിക്കക്കാരനായ കമാലയുടെ ഉയരം 6.7 അടിയും തൂക്കം 380 പൗണ്ടും (172 കിലോ) ആയിരുന്നു. മുഖത്തും ദേഹത്തും ഛായം പൂശി റിങ്ങിലെത്തുന്ന കമാലയ്ക്ക് വലിയ ആരാധക പിന്തുണയുണ്ടായിരുന്നു. ജിയന്റ് കമാല, ജിം ഹാരിസ്, കിമാല, ദി മിസിസിപ്പി മൗലര്‍, അഗ്ലി ബിയര്‍ ഹാരിസ് തുടങ്ങിയ പേരിലും അദ്ദേഹം അറിയപ്പെട്ടിരുന്നു.

1978 മുതല്‍ റിങ്ങുകളില്‍ സാന്നിധ്യമായിരുന്ന കമാല 1980-90 കാലഘട്ടങ്ങളിലായിരുന്നു ഡബ്ല്യുഡബ്ല്യുഇയില്‍ പങ്കെടുത്തിരുന്നത്. ഡയബറ്റീസ്, രക്ത സമ്മര്‍ദ്ദം തുടങ്ങിയ അസുഖ ബാധിതനായിരുന്ന കമാലയ്ക്ക് കഴിഞ്ഞിടെ കോവിഡ് 19യും സ്ഥിരീകരിച്ചിരുന്നു. ഹൃദയ സ്തംഭനമാണ് മരണ കാരണമെന്നാണ് റിപ്പോര്‍ട്ട്.

Top