വുഹാനില്‍ കുടുങ്ങിയ പാക്ക് വിദ്യാര്‍ത്ഥികള്‍ക്ക് സഹായ വാഗ്ദാനവുമായി ഇന്ത്യ

ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ ഹുബേയ് പ്രവശ്യയിലുള്ള വുഹാനില്‍ കുടുങ്ങിയ പാക്ക് വിദ്യാര്‍ത്ഥികള്‍ക്ക് സഹായ വാഗ്ദാനവുമായി ഇന്ത്യ. പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെടുകയാണെങ്കില്‍ ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ എടുക്കുമെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാർ അറിയിച്ചു.

നേരത്തെ വുഹാനില്‍ കുടുങ്ങിക്കിടക്കുന്ന പാക്കിസ്ഥാന്‍ വിദ്യാര്‍ത്ഥികളെ എയര്‍ലിഫ്റ്റ് ചെയ്യില്ലെന്ന് പാക്കിസ്ഥാന്‍ വ്യക്തമാക്കിയിരുന്നു. കൊറോണയുമായി തിരിച്ചെത്തുന്ന പാക് വിദ്യാര്‍ത്ഥികളെ ചികിത്സിക്കാനുള്ള സൗകര്യം പാകിസ്ഥാനില്‍ ഇല്ലെന്നാണ് ചൈനയിലെ പാക് അംബാസിഡര്‍ നാഗ്മാന ഹാഷ്മി വ്യക്തമാക്കിയിരുന്നത്.

നൂറുകണക്കിന് പാക്കിസ്ഥാനികളാണ് പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നത്. ഗുരുതരസാഹചര്യമായിട്ടും വേണ്ടരീതിയില്‍ നടപടിയെടുക്കാന്‍ പാക്കിസ്ഥാന്‍ ഇതുവരേയും തയ്യാറായിട്ടില്ല. സ്വന്തം പൗരന്മാരെ നിരാകരിച്ച പാക്ക് സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടുള്ള വിദ്യാര്‍ഥികളുടെ നിരവധി വീഡിയോകളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. തങ്ങളുടെ പൗരന്മാരോടുള്ള ഉത്തരവാദിത്തത്തെക്കുറിച്ച് ഓര്‍മ്മപ്പെടുത്തിയ പാക് പൗരന്മാര്‍ ഇക്കാര്യത്തില്‍ ഇന്ത്യ കൈക്കൊണ്ട നിലപാട് മാതൃകയാണക്കണമെന്ന് ഇമ്രാന്‍ഖാനോട് പറയുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു. പാക്കിസ്ഥാന്‍ സര്‍ക്കാരിനെ കുറിച്ചോര്‍ത്ത് ലജ്ജിക്കുന്നു, ഇന്ത്യക്കാരില്‍ നിന്ന് എന്തെങ്കിലും പഠിക്കൂ എന്നും വിദ്യാര്‍ത്ഥികള്‍ പറയുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

കൊറോണ വൈറസ് ബാധിച്ച വുഹാന്‍ നഗരത്തില്‍ നിന്ന് പാക് പൗരന്മാരെ ഒഴിപ്പിക്കരുതെന്ന പാകിസ്ഥാന്‍ സര്‍ക്കാരിന്റെ നിലപാട് അതിന്റെ സഖ്യകക്ഷിയായ ചൈനയുമായുള്ള ‘ഐക്യദാര്‍ഢ്യ’ ത്തിന്റെ ഭാഗമാണ്. പാക് നിലപാട് കടുത്ത നീരസമാണ് വുഹാനില്‍ അകപ്പെട്ടവരില്‍ ഉണ്ടാക്കിയിരിക്കുന്നത്.

Top