കൊറോണ വൈറസ്; ചൈനയിലെ അഞ്ച് നഗരങ്ങള്‍ അടച്ചു, സിങ്കപ്പൂരിലും സ്ഥിരീകരിച്ചു

വുഹാന്‍: കൊറോണ വൈറസ് വ്യാപകമായ സാഹചര്യത്തില്‍ ചൈനയിലെ അഞ്ച് നഗരങ്ങള്‍ അടച്ചു. വൈറസ് ആദ്യം റിപ്പോര്‍ട്ടുചെയ്ത വുഹാനു, ഹുബൈ പ്രവിശ്യയിലെ ഹുവാങ്ഗാങ്, ഇജൗ, ഷിജിയാങ്, ക്വിയാന്‍ ജിയാങ് എന്നീ നഗരങ്ങളാണ് അനിശ്ചിതകാലത്തേക്ക് അടച്ചത്.

വുഹാന്‍ നഗരത്തിലേക്കും നഗരത്തില്‍ നിന്ന്‌ പുറത്തേക്കും യാത്രചെയ്യുന്നത് ബുധനാഴ്ച നിരോധിച്ചിരുന്നു. മാത്രമല്ല നഗരങ്ങളില്‍ വിമാനം, ബസ്, ട്രെയിന്‍, ഫെറി എന്നിവയുള്‍പ്പെടെയുള്ള പൊതുഗതാഗതസംവിധാനങ്ങള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെക്കാന്‍ ഇന്നലെയും ഉത്തരവിട്ടിരുന്നു.

പ്രത്യേക കാരണമില്ലാതെ പ്രദേശം വിടരുതെന്ന് അധികൃതര്‍ കര്‍ശനനിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഇന്നലെ രാത്രിയോടെയാണ് ഹുവാങ്ഗാങ്ങിലും ഇജൗവിലും ഷിജിയാങ്ങിലും ക്വിയാന്‍ ജിയാങ്ങിലും അധികൃതര്‍ നിയന്ത്രണമേര്‍പ്പെടുത്തിയത്.

മാത്രമല്ല ഇന്നലെ സിങ്കപ്പൂരിലും വൈറസ് സ്ഥിരീകരിച്ചു. വുഹാനില്‍ നിന്നെത്തിയ 66-കാരനിലാണ് രോഗം കണ്ടെത്തിയത്. ചൈനയ്ക്കുപുറമേ തായ്‌ലാന്‍ഡ്, തയ്വാന്‍, ജപ്പാന്‍, ദക്ഷിണകൊറിയ, യു.എസ്, മക്കാവു, ഹോങ് കോങ്, വിയറ്റ്‌നാം, സൗദി എന്നിവിടങ്ങളിലും രോഗം റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.

Top