‘ഞങ്ങള്‍ കുരുക്കിലാണ്’; അടച്ചുപൂട്ടിയ വുഹാനിലെ ജനത പരിഭ്രാന്തിയില്‍

ചൈനീസ് നഗരത്തിലെ പ്രഭവകേന്ദ്രത്തില്‍ കൊറോണ വൈറസ് പിടിപെടുന്നത് കാത്തിരിക്കുന്ന അവസ്ഥയില്‍ ‘കുരുങ്ങി’ വുഹാനിലെ ജനത. സര്‍ക്കാര്‍ നഗരത്തിന് താഴിട്ട് പൂട്ടിയതോടെ നഗരത്തിലെ എല്ലാവര്‍ക്കും രോഗബാധ പിടിപെടുമെന്ന ആശങ്കയിലാണ് ജനങ്ങള്‍. നഗരം അടച്ചുപൂട്ടി ഇവരുടെ യാത്ര സമ്പൂര്‍ണ്ണമായി അവസാനിപ്പിച്ചതോടെയാണ് തങ്ങളെ മരിക്കാന്‍ ഉപേക്ഷിച്ച അവസ്ഥയില്‍ ജനങ്ങള്‍ പരിഭ്രാന്തരാകുന്നത്.

വുഹാന് പുറമെ 14 നഗരങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളും, പൊതുഗതാഗത സംവിധാനങ്ങളും അധികൃതര്‍ അടപ്പിച്ചു. അപകടകാരിയായ വൈറസ് പടര്‍ന്നുപിടിക്കുന്നത് ഒഴിവാക്കാന്‍ ഇതല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങള്‍ മുന്നില്‍ ഇല്ലാതെ വന്നതോടെയാണ് ഈ നടപടി. 41 പേരുടെ മരണത്തിന് ഇടയാക്കി, 1200ലേറെ പേരിലേക്ക് പകര്‍ന്ന കൊറോണാവൈറസിന്റെ യഥാര്‍ത്ഥ വ്യാപ്തി ഇപ്പോഴും വ്യക്തമായിട്ടില്ല. ചൈനയിലെ വന്‍മതിലിന്റെ ഒരു ഭാഗവും, ഷാന്‍കായിയിലെ ഡിസ്‌നി ലാന്‍ഡും വുഹാന്‍ കൊറോണാവൈറസ് ആളുകളില്‍ പടരുന്നത് ഒഴിവാക്കാന്‍ അടപ്പിച്ചു.

വുഹാനെ മാതൃകയാക്കി മറ്റ് നഗരങ്ങളും പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയാണ്. 40 മില്ല്യണ്‍ ജനങ്ങളാണ് ഇവിടെ ആകെ വസിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ ഇവിടങ്ങളില്‍ പലയിടത്തും ഗതാഗത സംവിധാനങ്ങള്‍ നിര്‍ത്തലാക്കുകയും, റോഡുകള്‍ അടച്ചിടുകയും ചെയ്തിട്ടുണ്ട്. ജനങ്ങള്‍ രോഗം കാത്ത് കുരുക്കിലായ അവസ്ഥയില്‍ ഭയചകിതരാണെന്നാണ് വുഹാനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. നഗരത്തില്‍ തുടര്‍ന്നാല്‍ തങ്ങള്‍ക്കും രോഗം പടരുമെന്ന് ഇവര്‍ ഭയപ്പെടുന്നു.

നഗരം അടച്ചതോടെ ഇവിടെ കുടുങ്ങിയ വിദേശികളും പരിഭ്രാന്തിയിലാണ്. ഈ മാസം അവസാനിക്കുമ്പോഴേക്കും ചൈനയിലെ ഒരു നഗരത്തില്‍ മാത്രം മൂന്നര ലക്ഷം പേര്‍ക്ക് രോഗബാധ പിടിപെടുമെന്നാണ് റിപ്പോര്‍ട്ട്. 20 കേസുകളില്‍ ഒരാളുടെ രോഗലക്ഷണം മാത്രമാണ് ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താന്‍ കഴിയുന്നത്. ഇതാണ് ആശങ്കയ്ക്ക് കാരണമാകുന്നതും. രോഗം ബാധിച്ചവര്‍ ഇത് ശ്രദ്ധിക്കാതെ വരുന്നതോടെ കൂടുതല്‍ പേരിലേക്ക് വൈറസ് പകരുകയും ചെയ്യും.

Top