അജ്ഞാത വൈറസ്; ചൈനയില്‍ ഒരാള്‍ മരിച്ചു, ഏഴ് പേരുടെ നില ഗുരുതരം; ആശങ്ക!

ബെയ്ജിങ്: ചൈനയില്‍ അജ്ഞാത വൈറസ് ബാധിച്ച് ഒരാള്‍ മരിച്ചു. വൈറസ് ബാധ പടര്‍ന്നുപിടിച്ച വൂഹാനില്‍ ചികിത്സയിലായിരുന്ന 61 വയസ്സുകാരനാണ് മരണത്തിന് കീഴടങ്ങിയത്. നിലവില്‍ 41 പേരിലാണ് വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ ഏഴുപേരുടെ നില ഗുരുതരമാണ്. ഇതിനിടെ ചികിത്സയിലുണ്ടായിരുന്ന രണ്ടുപേര്‍ ആശുപത്രി വിട്ടതായും വൂഹാന്‍ ഹെല്‍ത്ത് കമ്മീഷന്‍ അധികൃതര്‍ അറിയിച്ചു

കഴിഞ്ഞ മാസം അവസാനത്തോടെയാണ് വൂഹാന്‍ നഗരത്തില്‍ അജ്ഞാത വൈറസ് ബാധ കണ്ടെത്തിയത്. മത്സ്യ-മാംസ മാര്‍ക്കറ്റിലെ ജോലിക്കാരിലായിരുന്നു ആദ്യം വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്.

മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് ബാധിക്കുന്ന വൈറസ് അല്ല ഇതെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. കാരണം രോഗികളെ ചികിത്സിച്ചിരുന്നവരില്‍ വൈറസ് ബാധ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കൊറോണവൈറസിന്റെ പുതിയ രൂപത്തിലുള്ള വൈറസാണ് വൂഹാനില്‍ പടര്‍ന്നുപിടിച്ചതെന്നാണ് പ്രാഥമികനിഗമനം. ന്യൂമോണിയയുമായി സാദൃശ്യമുള്ള വൈറസ് രോഗമാണിതെന്ന് നേരത്തെതന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അജ്ഞാത വൈറസ് രോഗം കാരണം ഒരാള്‍ മരിച്ചതോടെ ചൈനയിലെ ടൂറിസം രംഗത്ത് ഉള്‍പ്പെടെ ആശങ്ക വര്‍ധിച്ചിരിക്കുകയാണ്. ജനുവരി 25 മുതല്‍ ചൈനയിലെ സ്പ്രിങ് ഫെസ്റ്റിവല്‍ ആരംഭിക്കാനിരിക്കെയാണ് മരണം സംഭവിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ വൂഹാനില്‍നിന്ന് വരുന്നവരെ നിരീക്ഷിക്കാന്‍ വിമാനത്താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി.

Top