വുഹാനില്‍ നിന്നുള്ള ആദ്യ വിമാനം പുലര്‍ച്ചെയെത്തും: വിമാനത്തില്‍ 40 മലയാളികള്‍

ന്യൂഡല്‍ഹി: വുഹാനില്‍ കുടുങ്ങിയ ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം നാളെ പുലര്‍ച്ചെ ഡല്‍ഹിയിലെത്തും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഇക്കാര്യം അറിയിച്ചത്. വിമാനത്തില്‍ 40 മലയാളി വിദ്യാര്‍ത്ഥികളുണ്ടെന്ന് വി മുരളീധരന്‍ പറഞ്ഞു.

ചൈനയിലെ പരിശോധനയില്‍ രോഗബാധ ഇല്ലെന്ന് കണ്ടെത്തിയവരെയാണ് ഇപ്പോള്‍ മടക്കികൊണ്ടുവരുന്നത്. രോഗം ബാധിച്ചവരെയും തിരികെ കൊണ്ടുവരാന്‍ ശ്രമം തുടരുകയാണെന്ന് വി മുരളീധരന്‍ അറിയിച്ചു.നഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള എയര്‍ ഇന്ത്യയുടെ ആദ്യ ജംബോ വിമാനം ഇന്ന് രാത്രി 11മണിക്ക് (ഇന്ത്യന്‍ സമയം) വുഹാനില്‍ നിന്ന് പുറപ്പെടും.

ചൈനയില്‍ കുടുങ്ങിയ 366 പേരെയാണ് നാളെ ഇന്ത്യയിലെത്തിക്കുക. തിരികെ കൊണ്ടുവരുന്നവരെ ഡല്‍ഹിയില്‍ തന്നെ താമസിപ്പിക്കുമെന്ന് മുരളീധരന്‍ പറഞ്ഞു. ഇവരില്‍ രോഗ ലക്ഷണം കാണിക്കുന്നവരെ ഡല്‍ഹി കന്റോണ്‍മെന്റ് ബേസ് ആശുപത്രിയിലെ ഐസൊലേറ്റഡ് വാര്‍ഡിലേക്ക് മറ്റും. മറ്റുള്ളവരെ രണ്ടാഴ്ച നിരീക്ഷിക്കും.

രണ്ടാഴ്ചയ്ക്ക് ശേഷം നടത്തുന്ന പരിശോധനയില്‍ രോഗമില്ലെന്ന് ഉറപ്പാക്കിയ ശേഷമേ നാട്ടിലേക്ക് അയക്കൂ. വുഹാനില്‍ നിന്നും ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ചൈനീസ് സര്‍ക്കാര്‍ നല്‍കിയ സഹകരണത്തിന് ഇന്ത്യ നന്ദി അറിയിച്ചു. കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറാണ് ചൈനീസ് വിദേശകാര്യമന്ത്രിയെ ഫോണില്‍ വിളിച്ച് നന്ദി അറിയിച്ചത്.

Top