കൊറോണ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ചൈനീസ് മാധ്യമപ്രവര്‍ത്തകയ്ക്ക് 4 വര്‍ഷം തടവ്

ബീജിംഗ്: കൊറോണ വൈറസ് സംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ചൈനയിലെ ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തക ഴാങ് ഴന് 4 വര്‍ഷം തടവ് ശിക്ഷ. രോഗം ആദ്യം സ്ഥിരീകരിച്ചത് ചൈനയിലെ വുഹാനിലാണ്. പിന്നീടാണ് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിച്ചത്. ഇക്കാര്യമാണ് ഴാങിന്റെ റിപ്പോര്‍ട്ടില്‍ ഉള്ളത്. പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള വാര്‍ത്ത ചെയ്തു എന്നാണ് മാധ്യമ പ്രവര്‍ത്തകയ്ക്ക് എതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ആക്ടിവിസ്റ്റുകള്‍ക്കെതിരെ ചൈനീസ് ഭരണകൂടം പതിവായി ചുമത്താറുള്ള വകുപ്പാണിത്.

കഴിഞ്ഞ മെയ് മാസത്തിലാണ് 37കാരിയായ ഴാങ് ഴന്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. മുമ്പ് അഭിഭാഷകയായിരുന്നു ഇവര്‍. നിയമവിരുദ്ധ അറസ്റ്റിനെതിരെ മാസങ്ങളായി നിരാഹാര സമരത്തിലായിരുന്നു ഴാങ്.

വുഹാനിലെ കൊറോണ വ്യാപനം റിപ്പോര്‍ട്ട് ചെയ്ത ഒട്ടേറെ മാധ്യമപ്രവര്‍ത്തകര്‍ ചൈനയില്‍ തടവിലാണ്. ഏറ്റവും ഒടുവില്‍ കേസില്‍ ശിക്ഷിക്കപ്പെട്ട വ്യക്തിയാണ് ഴാങ് ഴന്‍. സര്‍ക്കാരിന്റെ പിടിപ്പുകേടാണ് ചൈനയില്‍ രോഗ വ്യാപനത്തിന് ഇടയാക്കിയത്. ഇത് സംബന്ധിച്ച വാര്‍ത്തകള്‍ മൂടിവയ്ക്കാനായിരുന്നു ചൈനീസ് ഭരണകൂടത്തിന്റെ ശ്രമം. വുഹാനില്‍ രോഗം കണ്ടെത്തിയതിനെ കുറിച്ചും വ്യാപിച്ചത് സംബന്ധിച്ചും വാര്‍ത്ത നല്‍കിയ ജേണലിസ്റ്റുകള്‍ക്കെതിരെ കേസെടുത്തിരുന്നു. രോഗത്തെ കുറിച്ച് പരസ്യമായി പ്രതികരിച്ച ഡോക്ടര്‍മാര്‍ക്കെതിരെയും നടപടിയെടുത്തിരുന്നു.

Top