ബ്ലൂടൂത്ത് ഉപയോഗിച്ച് പരീക്ഷയെഴുതൽ; കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെടെ 13 പേര്‍ പിടിയിൽ

ബെംഗളൂരു: കർണാടക സർക്കാരിൻറെ പി.എസ്.ഐ പൊതു പരീക്ഷയിൽ ക്രമക്കേട് കാട്ടിയ കോൺഗ്രസ് നേതാവ് ഉൾപ്പെടെ 13 പേർ സി.ഐ.ഡി സംഘത്തിന്റെ പിടിയിലായി. അഫ്സൽപൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് മഹന്ദേഷ് പട്ടീലിനെതിരെയും കേസെടുത്തിട്ടുണ്ട്. ഉദ്യോഗാർത്ഥികളായ വീർ വർഷ, സഹായി ശരണബസപ്പ എന്നിവരും അറസ്റ്റിലായി.

ഉദ്യോഗാർത്ഥികൾക്ക് ക്രമവിരുദ്ധമായി പരീക്ഷ എഴുതാൻ സഹായിച്ചതിനാണ് മഹന്ദേഷ് പട്ടേലിനെ പിടികൂടിയത്. അഫ്സൽപൂർ ടൗണിൽ101 പേരുടെ സമൂഹ വിവാഹം നടക്കുകയായിരുന്ന വേദിയിൽ എത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സിഐഡി ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ശങ്കർ ഗൗഡയാണ് കോൺഗ്രസ് നേതാവിനെ കസ്റ്റഡിയിലെടുത്തത്.

ബ്ലൂടൂത്ത് ഉപകരണം ചെവിയിൽ വച്ച് പരീക്ഷ എഴുതിയവരെയും ഇവർക്ക് സഹായം ചെയ്തവരെയുമാണ് സി.ഐ.ഡി സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസവം അഫ്സൽപുര എം.എൽ.എയുടെ ഗൺമാൻ കൂടിയായ ഹയ്യാല ദേശായി സംഘത്തിൻറെ പിടിയിലായിരുന്നു. ഹയ്യാല ദേശായിയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് കോൺ​ഗ്രസ് നേതാവ് ഉൾപ്പടെയുള്ള കൂടുതൽ പേരെ അറസ്റ്റ് ചെയ്തത്.

Top