ഡോ. ഡി.ബാബുപോളിന്റെ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

പെരുമ്പാവൂര്‍: മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. ഡി.ബാബുപോളിന്റെ ഭൗതിക ശരീരം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. പെരുമ്പാവൂരിലെ കുറുപ്പുപടി സെന്റ്‌മേരീസ് കത്തീഡ്രലിലാണ് ബാബുപോള്‍ അന്ത്യവിശ്രമം കൊള്ളുക.

അഡീഷണല്‍ ചീഫ് സെക്രട്ടറിയായി വിരമിച്ച അദ്ദേഹം തദ്ദേശസ്വയംഭരണ വകുപ്പ് ഓംബുഡ്‌സ്മാനായും സേവനമനുഷ്ഠിച്ചിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ച അദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയത്. ഇന്ന് പുലര്‍ച്ചയോടെയാണ് അന്ത്യം.

എറണാകുളം കുറുപ്പുംപടി ചീരത്തോട്ടത്തില്‍ പി.എ.പൗലോസ് കോറെപ്പിസ്‌കോപ്പയുടെയും മേരി പോളിന്റേയും മകനായി 1941ലാണ് ബാബു പോളിന്റെ ജനനം. 21ാം വയസ്സില്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച ബാബുപോള്‍ 59ാം വയസ്സില്‍ ഐഎഎസില്‍നിന്നു സ്വമേധയാ വിരമിച്ച് ഓംബുഡ്‌സ്മാന്‍ സ്ഥാനം സ്വീകരിച്ചു.

ഭരണ രംഗത്ത് മികച്ച് നില്‍ക്കുമ്പോഴും അദ്ദേഹം മികച്ച എഴുത്തുകാരനായും പ്രഭാഷകനായും അറിയപ്പെട്ടു. 19ാം വയസില്‍ ഒരു യാത്രയുടെ ഓര്‍മ്മകള്‍ എന്ന പുസ്തകം രചിച്ചുകൊണ്ടാണ് സാഹിത്യ മേഖലയിലേക്ക് കടക്കുന്നത്. മലയാളത്തിലെ ആദ്യ ബൈബിള്‍ ഡിക്ഷണറിയായ വേദ ശബ്ദ രത്‌നാകരം ഏഴ് വര്‍ഷമെടുത്താണ് ബാബു പോള്‍ തയ്യാറാക്കിയത്. 2000 ത്തില്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.

സാഹിത്യ സാംസ്‌കാരിക രംഗത്തെ മികച്ച സംഭാവനകള്‍ കണക്കിലെടുത്ത് ഡമാസ്‌ക്കസ് സെന്റ് എഫ്രയിം യൂണിവേഴ്‌സിറ്റി ബാബു പോളിന് ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. കിഫ്ബി ഭരണസമിതി അംഗമായിരുന്ന അദ്ദേഹം നവ കേരള നിര്‍മ്മാണ പ്രവര്‍ത്തികളുടെ ഉപദേശകനുമായിരുന്നു.

Top