ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യും വരെ സമരം തുടരുമെന്ന് ഗുസ്തി താരങ്ങൾ

ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷനും ബിജെപി നേതാവുമായ ബ്രിജ് ഭൂഷണിനെതിരെ കേസെടുക്കുമെന്ന് അറിയിച്ചെങ്കിലും അറസ്റ്റ് ചെയ്യും വരെ സമരം തുടരുമെന്ന് ഗുസ്തി താരങ്ങൾ. എഫ്ഐആർ എടുക്കുന്നതിനു വേണ്ടി മാത്രമായിരുന്നില്ല ഞങ്ങളുടെ പോരാട്ടം, കുറ്റവാളി ശിക്ഷിക്കപ്പെടണമെന്നും ഗുസ്തി താരങ്ങൾ പറഞ്ഞു. ബ്രിജ് ഭൂഷണിനെതിരെ കേസ് ഫയൽ ചെയ്യുമെന്ന് ഡൽഹി പൊലീസ് സുപ്രീം കോടതിയെ അറിയിച്ചതിന് പിന്നാലെയായിരുന്നു സമരക്കാരുടെ പ്രതികരണം.

‘ഞങ്ങൾ സുപ്രീം കോടതിയുടെ ഉത്തരവിനെ മാനിക്കുന്നു, പക്ഷേ ഞങ്ങൾക്ക് ഡൽഹി പോലീസിൽ വിശ്വാസമില്ല. ഈ പോരാട്ടം എഫ്‌ഐആറിന് വേണ്ടിയുള്ളതല്ല. ഞങ്ങളുടെ പേരാട്ടം ബ്രിജ് ഭൂഷണിനെപ്പൊലെയുളളവർ ശിക്ഷിക്കപ്പെടാൻ വേണ്ടിയാണ്. ബ്രിജ് ഭൂഷൺ ജയിലിൽ കിടക്കണം, എല്ലാ അധികാരസ്ഥാനങ്ങളിൽ നിന്നും എടുത്തുമാറ്റണം,’ ഗുസ്തി താരങ്ങൾ പറഞ്ഞു. ഗുസ്തി താരങ്ങൾ ജന്തർ മന്ദിറിൽ നടത്തുന്ന സമരം ആറാം ദിനത്തിലേക്ക് കടന്നു.

ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ചാണ് പരാതി പരി​ഗണിച്ചത്. കായിക താരങ്ങളുടെ ആരോപണങ്ങളിൽ ഇന്ന് തന്നെ കേസെടുക്കുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയിൽ അറിയിക്കുകയായിരുന്നു. പരാതിയിലുളള ആരോപണങ്ങൾ ​ഗൗരവതരമെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ബ്രിജ്ഭൂഷനെതിരെ പരാതി നൽകിയ പ്രായപൂർത്തിയാകാത്ത താരങ്ങൾക്ക് സുരക്ഷ നൽകണമെന്നും ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചു. അടുത്ത വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കും.

Top