ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ തെരഞ്ഞെടുപ്പ് ജൂലൈ 4ന്; ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍

 

 

ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ തെരഞ്ഞെടുപ്പ് ജൂലൈ 4ന് നടക്കും. ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്റേതാണ് തീരുമാനം. ഗുസ്തി താരങ്ങളുടെ സമരത്തിന്റെ പശ്ചാത്തലത്തില്‍ 45 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്തണമെന്ന് രാജ്യാന്തര ഒളിമ്പിക്‌സ് അസോസിയേഷന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

ബ്രിജ് ഭൂഷണിന്റെ കുടുംബക്കാരില്‍ നിന്നോ കൂട്ടാളികളില്‍ നിന്നോ ആരും മത്സരിക്കില്ലെന്ന് ഗുസ്തി താരങ്ങള്‍ക്ക് കേന്ദ്രം ഉറപ്പുകൊടുത്തിട്ടുണ്ട്. അധ്യക്ഷ സ്ഥാനത്തേക്കെത്തുന്നത് വനിതയാവണമെന്ന് ഗുസ്തി താരങ്ങള്‍ ആവശ്യമുന്നയിച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍ കേന്ദ്രം ഉറപ്പുനല്‍കിയിട്ടില്ല.

ഗുസ്തി ഫെഡറേഷന്‍ മുന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ ഗുസ്തി താരങ്ങള്‍ പൊലീസിന് തെളിവുകള്‍ കൈമാറിയിരുന്നു. ലൈംഗികാരോപണം ഉന്നയിച്ച ആറ് വനിതാ താരങ്ങളില്‍ നാലുപേരും തങ്ങളുടെ ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തെളിവുകള്‍ നല്‍കിയിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. കുറ്റപത്രം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ സമയം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ജൂണ്‍ 15 വരെ സമരം വെച്ചിരുന്നു. ആ കാലാവധിക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസ് നീക്കം.

Top