ഗുസ്തി മത്സരങ്ങള്‍ രാജ്യത്ത് പുനരാരംഭിക്കണം; കായിക മന്ത്രാലയത്തോട് ആവശ്യപ്പെട്ട് ബജ്രംഗ് പുനിയ

ഗുസ്തി മത്സരങ്ങള്‍ രാജ്യത്ത് പുനരാരംഭിക്കണമെന്ന് കായിക മന്ത്രാലയത്തോട് ആവശ്യപ്പെട്ട് ഒളിമ്പിക് മെഡല്‍ ജേതാവ് ബജ്രംഗ് പുനിയ കഴിഞ്ഞ കുറേ മാസങ്ങളായി ഗുസ്തി മേഖല സ്തംഭനാവസ്ഥയിലാണ്. ഏഴ് മാസത്തിന് ശേഷം നടക്കാനിരിക്കുന്ന ഒളിമ്പിക്‌സിനെ ആരും ഗൗരവമായി എടുക്കുന്നില്ലെന്നും ബജ്രംഗ് പുനിയ പറഞ്ഞു.

മുന്‍ ഇന്ത്യന്‍ റെസ്ലിംഗ് ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് രാജ്യത്ത് ഗുസ്തി സ്തംഭിച്ചിരിക്കുകയാണ്. റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും സാധാരണ നില പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞില്ല. ചട്ട ലംഘനം നടത്തി ദേശീയ അണ്ടര്‍ 15, അണ്ടര്‍ 20 ചാമ്പ്യന്‍ഷിപ്പുകള്‍ പ്രഖ്യാപിച്ച സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള പുതിയ പാനലിനെ കായിക മന്ത്രാലയം സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.

ഒളിമ്പിക് ഗെയിംസിന് ഇനി 7 മാസം മാത്രമാണുള്ളത്. താരങ്ങളെ സജ്ജരാക്കാന്‍ ദേശീയ ചാമ്പ്യന്‍ഷിപ്പോ ക്യാമ്പോ സംഘടിപ്പിച്ചിട്ടില്ല. ഒളിമ്പിക്‌സിനെ ആരും ഗൗരവമായി കാണുന്നില്ല. കഴിഞ്ഞ നാല് ഒളിമ്പിക്‌സുകളില്‍ ഗുസ്തി തുടര്‍ച്ചയായി നാല് മെഡലുകള്‍ നല്‍കിയിട്ടുണ്ട്. താരങ്ങളുടെ ഭാവി കണക്കിലെടുത്ത് ഗുസ്തി മത്സരങ്ങള്‍ ഉടന്‍ ആരംഭിക്കണമെന്ന് കായിക മന്ത്രാലയത്തോട് അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Top