ബ്രിജ് ഭൂഷന്റെ നുണപരിശോധന തത്സമയം സംപ്രേഷണം ചെയ്യണമെന്ന് ഗുസ്തി താരങ്ങൾ

ദില്ലി : ബ്രിജ് ഭൂഷനെ നുണ പരിശോധനയ്ക്ക് വിധേയനാക്കുന്നത് തത്സമയം സംപ്രേഷണം ചെയ്യണമെന്ന് ഗുസ്തി താരങ്ങൾ. പരാതിക്കാരായ താരങ്ങളും നുണ പരിശോധനയ്ക്ക് വിധേയരാകാൻ തയ്യാറാണെന്ന് അറിയിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ പാർലമെന്റ് വളയാനാണ് തീരുമാനം.

വനിതാ ഗുസ്തി താരങ്ങൾ ഉയർത്തിയ ലൈംഗിക പരാതി തള്ളിയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ, നിരപരാധിയാണെന്ന് ഉറപ്പുണ്ടെങ്കിൽ നുണ പരിശോധനയക്ക് തയ്യാറാകട്ടെയെന്ന് താരങ്ങൾ വെല്ലുവിളിച്ചിരുന്നു. ഇതിന് മറുപടിയായാണ് താൻ നുണപരിശോധന വിധേയനാകാമെന്നും, പരാതിക്കാരും അതിന് തയ്യാറാകണമെന്ന് ബ്രിജ് ഭൂഷൺ ആവശ്യപ്പെട്ടത്. ബ്രിജ് ഭൂഷൺ നുണ പരിശോധനയ്ക്ക് തയ്യാറായതിനെ സ്വാഗതം ചെയ്ത താരങ്ങൾ പരിശോധന പൂർണമായി തത്സമയം സംപ്രേഷണം ചെയ്യണമെന്ന നിർദ്ദേശമാണ് മുന്നോട്ട് വെക്കുന്നു.

സമരം തുടങ്ങി ഒരു മാസം തികഞ്ഞിട്ടും ബ്രിജ് ഭൂഷന്റെ അറസ്റ്റ് വൈകുന്ന സാഹചര്യത്തിൽ സമരം കടുപ്പിക്കുകയാണ് താരങ്ങൾ. ശനിയാഴ്ച അറസ്റ്റ് ഉണ്ടായില്ലെങ്കിൽ ഞായറാഴ്ച അടുത്ത ഖാപ് പഞ്ചായത്ത് പുതിയ പാർലമെന്റ് കെട്ടിടത്തിന് മുന്നിൽ വെച്ച് നടത്തും. ഗുസ്തി താരങ്ങളും അവരെ പിന്തുണയ്ക്കുന്ന വനിതകളും ചേർന്നാകും ഖാപ് പഞ്ചായത്ത് നടത്തുക. ഭാവി പരിപാടികൾ തീരുമാനിക്കാൻ റോത്തഗിൽ നടന്ന ഖാപ്പ് മഹാ പഞ്ചായത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. നാളെ ജന്തർമന്തറിൽ നിന്നും ഇന്ത്യ ഗേറ്റിലേക്ക് മെഴുകുതിരി പ്രതിഷേധ മാർച്ച് നടത്താനും ഖാപ് പഞ്ചായത്തിൽ തീരുമാനമായി. പ്രതിഷേധങ്ങളെല്ലാം സമാധാനപരമായിരിക്കും. പിന്തുണയുമായെത്തുന്നവര്‍ ഇത് ലംഘിച്ചാല്‍ ഉത്തരവാദികളല്ലെന്നും താരങ്ങൾ ആവർത്തിച്ചു. ഒരു മാസമായി ഗുസ്തി താരങ്ങൾ തെരുവിൽ ഇരിക്കുമ്പോഴും, സമൂഹ മാധ്യമങ്ങളിൽ പലരും ബ്രിജ്ഭൂഷണ് വീര പരിവേഷം നൽകുന്നു. ഇത് തെറ്റാണെന്നും സമരക്കാർ വ്യക്തമാക്കി.

Top