മെഡലുകള്‍ ഗംഗയില്‍ ഒഴുക്കും; ഇന്ത്യാ ഗേറ്റില്‍ സമരമിരിക്കുമെന്ന് ഗുസ്തി താരങ്ങള്‍

ബ്രിജ് ഭൂഷണെതിരായ സമരത്തില്‍ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കുമെന്ന് ഗുസ്തി താരങ്ങള്‍. ഇന്ത്യ ഗേറ്റില്‍ നിരാഹാര സമരം നടത്തുമെന്നും താരങ്ങള്‍ പറഞ്ഞു. തങ്ങള്‍ കഠിനാധ്വാനം ചെയ്തു നേടിയ മെഡലുകള്‍ക്ക് ഗംഗയുടെ അതേ പരിശുദ്ധിയാണെന്ന് താരങ്ങള്‍ പറഞ്ഞു.

അന്താരാഷ്ട്ര മത്സരങ്ങളിലടക്കം രാജ്യത്തെ പ്രതിനിധീകരിച്ച് നേടിയ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കുമെന്നാണ് താരങ്ങള്‍ നിലപാടെടുത്തിരിക്കുന്നത്. ഇന്ന് വൈകിട്ട് ആറുമണിക്ക് ഹരിദ്വാറില്‍ വച്ച് മെഡലുകള്‍ ഗംഗയില്‍ ഒഴുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മെഡലുകള്‍ ഗംഗയില്‍ ഒഴുക്കിയ ശേഷം ഇന്ത്യാ ഗേറ്റില്‍ സമരമിരിക്കും.

അതേസമയം ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന് ബ്രിജ് ഭൂഷന്റെ അറസ്റ്റ് വൈകുന്നതിനെതിരെ രാജ്യ വ്യാപക പ്രതിഷേധത്തിന് സംയുക്ത കിസാന്‍ മോര്‍ച്ചയും തയ്യാറെടുക്കുന്നുണ്ട്. ഇന്നലെ രാത്രിയില്‍ ചേര്‍ന്ന നേതൃയോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. യോഗത്തില്‍ ഗുസ്തി താരങ്ങളെ പ്രതിനിധീകരിച്ച് ബജ്‌റംഗ് പുനിയയും പങ്കെടുത്തിരുന്നു. വ്യാഴാഴ്ച എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ബിജെപി എംപി കൂടിയായ ബ്രിജ് ഭൂഷന്റെ കോലം കത്തിക്കാനാണ് തീരുമാനം.

Top