സാഗര്‍ റാണയെ കൊലപ്പെടുത്തിയ കേസ്; ഡല്‍ഹി പൊലീസ് ക്രൈംബ്രാഞ്ച് വിഭാഗം അന്വേഷിക്കും

ന്യൂഡല്‍ഹി: ഛത്രസാല്‍ സ്റ്റേഡിയത്തില്‍ വച്ച് ജൂനിയര്‍ ഗുസ്തി താരം സാഗര്‍ റാണയെ കൊലപ്പെടുത്തിയ കേസ് ഡല്‍ഹി പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം അന്വേഷിക്കും. കേസിലെ പ്രതിയായ ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവ് സുശീല്‍ കുമാറിനെയും സഹായി അജയിനെയും കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ മുണ്ട്ക പ്രദേശത്ത് നിന്ന് അറസ്റ്റ് ചെയ്തിരുന്നു.

നിലവില്‍ നോര്‍ത്ത്വെസ്റ്റ് ജില്ലാ പൊലീസാണ് കേസ് അന്വേഷിക്കുന്നതെന്നും കേസ് ഔദ്യോഗികമായി ക്രൈംബ്രാഞ്ച് വിഭാഗത്തിന് കൈമാറിയെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.

മെയ് നാലിന് വാടക വീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ ഛത്രസാല്‍ സ്റ്റേഡിയത്തില്‍ നടന്ന കയ്യാങ്കളിക്ക് പിന്നാലെയാണ് സാഗര്‍ റാണ കൊല്ലപ്പെട്ടത്. ഒളിവില്‍ പോയ സുശീലിനെ കണ്ടെത്തുന്നവര്‍ക്ക് ഡല്‍ഹി പൊലീസ് ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. അതേസമയം സുശീല്‍ കുമാറിന് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് സാഗര്‍ റാണയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്.

 

Top