ഗുസ്തി താരം സാഗര്‍ റാണയെ കൊലപ്പെടുത്തിയ കേസ്; കുറ്റപത്രം നല്‍കി ഡല്‍ഹി പൊലീസ്

ന്യൂഡല്‍ഹി: മുന്‍ ദേശിയ ജൂനിയര്‍ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ റാണയെ കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം നല്‍കി ഡല്‍ഹി പൊലീസ്. ഒളിമ്പ്യന്‍ സുശീല്‍ കുമാറിനെ പ്രതിയാക്കിയാണ് 170 പേജുള്ള കുറ്റപത്രം ഡല്‍ഹി പൊലീസ് സമര്‍പ്പിച്ചത്. ഡല്‍ഹി രോഹിണി കോടതിയിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

ഒളിമ്പ്യന്‍ സുശീല്‍ കുമാറിനെ കൂടാതെ പതിനൊന്നു പേരെക്കൂടി പൊലീസ് പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തി. തീഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് നിലവില്‍ സുശീല്‍ കുമാര്‍.

മെയ് നാലിന് ഡല്‍ഹി ഛത്രസാല്‍ സ്റ്റേഡിയത്തിലെ പാര്‍ക്കിംഗ് മേഖലയില്‍ നടന്ന സംഭവങ്ങളാണ് മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ റാണയുടെ കൊലപാതകത്തിലേക്ക് എത്തിയത്. കൈയില്‍ വടിയുമായി സുശീല്‍ കുമാര്‍ നില്‍ക്കുന്ന മട്ടിലുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.

മര്‍ദ്ദനമേറ്റ് അവശരായ സാഗര്‍ റാണയും സുഹൃത്തുക്കളും നിലത്ത് കിടക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. സുശീല്‍ കുമാറിന്റെ അടുത്ത സുഹൃത്ത് പ്രിന്‍സ് പകര്‍ത്തിയ ദൃശ്യങ്ങളെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രൂരമര്‍ദ്ദനമേറ്റ സാഗര്‍ റാണ മെയ് അഞ്ചിന് മരിച്ചു. ഗുണ്ടാസംഘങ്ങള്‍ക്ക് അടക്കം കൊലപാതകത്തില്‍ പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

 

Top