ഇന്ത്യന്‍ വനിതാ ഗുസ്തി താരം ബബിത ഫോഗട്ടും പിതാവും ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ഗുസ്തി താരം ബബിത ഫോഗട്ടും പിതാവ് മഹാവീര്‍ ഫോഗട്ടും ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് ഇരുവരും ബിജെപിയില്‍ അംഗത്വമെടുത്തത്. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലും ജമ്മു കശ്മീരിനെ വിഭജിച്ചതിലും പിന്തുണച്ചാണ് ഇരുവരും ബിജെപിയില്‍ ചേര്‍ന്നത്.

2019 ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് അജയ് സിംഗ് ചൗതാലയുടെ ജന്‍നായക് ജനതാ പാര്‍ട്ടിയില്‍ അംഗത്വമെടുത്തിരുന്നു. പാര്‍ട്ടിയുടെ സ്‌പോര്‍ട്‌സ് സെല്‍ തലവന്റെ ചുമതല നല്‍കിയെങ്കിലും മത്സരിക്കാന്‍ സീറ്റ് നല്‍കിയിരുന്നില്ല. ഡെപ്യൂട്ടി എസ്പിയാക്കി ഉയര്‍ത്തിയില്ലെന്നാരോപിച്ച് ബബിത നേരത്തെ ഹരിയാനയിലെ ബിജെപി സര്‍ക്കാറിനെതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു.

കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവായ ബബിതക്ക് സബ് ഇന്‍സ്‌പെക്ടര്‍ പോസ്റ്റാണ് ഹരിയാന സര്‍ക്കാര്‍ നല്‍കിയിരുന്നത്. ബബിതയുടെ ഹര്‍ജി കോടതി തള്ളിയതിനെ തുടര്‍ന്ന് അവര്‍ ജോലി രാജി വെയ്ക്കുകയായിരുന്നു.

Top