മഞ്ഞില്‍ പുതഞ്ഞ് അരനൂറ്റാണ്ട്; കാണാതായ വ്യോമസേന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

ഷിംല: അര നൂറ്റാണ്ടിന് മുന്‍പ് ഹിമാചല്‍ പ്രദേശില്‍ തകര്‍ന്ന് വീണ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. 90 സൈനികര്‍ ഉള്‍പ്പെടെ 102 യാത്രക്കാരായിരുന്നു വ്യോമസേനയുടെ എഎന്‍ 12 ബിഎല്‍ 534 വിമാനത്തോടൊപ്പം കാണാതായത്. ഹിമാചല്‍ പ്രദേശിലെ കുളുവിലെ റോഹ്താങില്‍ 1968 ഫെബ്രുവരി ഏഴിനാണ് വിമാനം കാണാതായത്.

ഹിമാചല്‍പ്രദേശിലെ ലഹോള്‍ സ്പിതി ജില്ലയില്‍പെട്ട ധാക്കാ മഞ്ഞുമലയില്‍നിന്നാണ് വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. എയ്‌റോ എന്‍ജിന്‍, ഫൂസ്ലാര്‍ജ്, ഇലക്ട്രിക് സര്‍ക്യൂട്ട്, പ്രൊപ്പല്ലര്‍, ഇന്ധനടാങ്ക് യൂണിറ്റ്, എയര്‍ ബ്രേക്ക് അസംബ്ലി, കോക്പിറ്റ് വാതില്‍ എന്നിവയാണ് 13 ദിവസം നീണ്ട തിരച്ചിലിനൊടുവില്‍ കണ്ടെത്തിയത്. വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ ജൂലൈ 26ന് തിരച്ചില്‍ പുനഃരാരംഭിച്ചിരുന്നു.

1968ല്‍ 90സൈനികരും നാലു ജീവനക്കാരുമായിട്ടാണ് വിമാനം പറന്നുയര്‍ന്നത്. ചണ്ഡീഗഢില്‍നിന്നു ലേയിലേക്കു പുറപ്പെട്ടതായിരുന്നു വിമാനം. ലേ വിമാനത്താവളത്തിലേക്കു കുതിക്കവേ മോശം കാലാവസ്ഥയായതിനാല്‍ തിരിച്ചുവരാന്‍ പൈലറ്റിന് നിര്‍ദേശം നല്‍കി. ഛണ്ഡിഗഡിലേക്ക് തിരിച്ചുപറക്കുന്നതിനിടെ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. റോത്തക് പാസിനു മുകളിലൂടെ സഞ്ചരിക്കുമ്പോഴാണ് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. ശത്രുരാജ്യത്തിലായിരിക്കാം വിമാനം തകര്‍ന്നുവീണതെന്ന തരത്തില്‍ അന്ന് വാര്‍ത്തകള്‍ പരന്നിരുന്നു. യാത്രികരെ ബന്ദികളാക്കിയിരിക്കാമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. പിന്നീട് ആദ്യ മൃതദേഹം കണ്ടെത്തിയതോടെയാണ് ആശങ്കകള്‍ക്ക് വിരാമമായത്.

2003 ല്‍ ഹിമാലയന്‍ മൗണ്ടനീയറിങ് ഇന്‍സ്റ്റിറ്റ്യൂട്ട് അംഗങ്ങള്‍ ഈ വിമാനത്തിലുണ്ടായിരുന്ന സൈനികന്‍ ബേലി റാമിന്റെ മൃതശരീരം മഞ്ഞില്‍ പുതഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു. കരസേന നടത്തിയ പര്യവേക്ഷണത്തിനിടെ 2007 ഓഗസ്റ്റ് ഒമ്പതിന് കൂടുതല്‍ സൈനികരുടെ മൃതശരീരങ്ങള്‍കണ്ടെത്തി. 2018 ജൂലായ് ഒന്നിന് മറ്റൊരു മൃതശരീരവും വിമാനത്തിന്റെ ഭാഗങ്ങളും കണ്ടെത്തിയിരുന്നു.

ജൂലായ് 26 നാണ് വെസ്റ്റേണ്‍ കമാന്‍ഡിന്റെ കീഴിലുള്ള ഡോഗ്ര സ്‌കൗട്ട്സ് എഎന്‍-12 ബിഎല്‍ 534 വിമാനത്തിന്റെ ബാക്കി ഭാഗങ്ങള്‍ കണ്ടെത്താനുള്ള തീവ്രശ്രമം ആരംഭിച്ചത്. 13 ദിവസത്തെ തിരച്ചിലിനൊടുവില്‍ 5,240 മീറ്റര്‍ ഉയരത്തില്‍ വിമാനത്തിന്റെ ബാക്കി ഭാഗങ്ങള്‍ കണ്ടെത്താന്‍ ഡോഗ്ര സ്‌കൗട്ട് സംഘത്തിന് സാധിച്ചു. സൈനികരുടെ വ്യക്തിഗത വസ്തുവകകളും കണ്ടെത്തിയതായി ഔദ്യോഗികവക്താവ് അറിയിച്ചു.

തകര്‍ന്നുവീണ വിമാനത്തില്‍ മലയാളികളായ സൈനികരും ഉള്‍പ്പെട്ടിരുന്നു. ഇവരില്‍ ആരെയും കുറിച്ച് ഇനിയും വിവരം ലഭിച്ചിട്ടില്ല. കോട്ടയം ഇത്തിത്താനം കപ്പപ്പറമ്പില്‍ രാജപ്പനാണ് കാണാതായ ഒരാള്‍. പതിനെട്ടാമത്തെ വയസില്‍ പട്ടാളത്തില്‍ ചേര്‍ന്ന രാജപ്പന്‍ 1965 ലാണ് അവസാനം വീട്ടിലെത്തുന്നത്. ഇന്തോ – പാക് യുദ്ധത്തിനു ശേഷമായിരുന്നു ആ വരവ്. രണ്ടു മാസത്തെ അവധിക്കാണ് വന്നതെങ്കിലും പകുതിയായപ്പോഴേക്കും അതിര്‍ത്തിയില്‍ പിന്നെയും സംഘര്‍ഷം തുടങ്ങി. ഉടന്‍ മടങ്ങിയെത്താനുള്ള ഉത്തരവു വന്നപ്പോള്‍ തിരികെപ്പോയി. പിന്നെ അപകടവാര്‍ത്തയാണ് വീട്ടിലെത്തിയത്. അന്ന് 27 വയസ്സായിരുന്നു. നഷ്ടപരിഹാരമായി 20,000 രൂപയും അമ്മ ലക്ഷ്മിക്ക് പെന്‍ഷനും കിട്ടിയിരുന്നു.

Top