ആശങ്ക ഒഴിഞ്ഞു; നിയന്ത്രണം തെറ്റിയ ചൈനീസ് റോക്കറ്റ് സമുദ്രത്തില്‍ പതിച്ചു

ചൈനയുടെ ബഹിരാകാശ പരീക്ഷണത്തിന്റെ ഭാഗമായി വിക്ഷേപിക്കപ്പെട്ട റോക്കറ്റ് തിരികെ ഭൂമിയില്‍ പതിച്ചു. ഇന്ത്യന്‍ സമുദ്രത്തിലാണ് റോക്കറ്റിന്റെ ഭാഗങ്ങള്‍ തീപ്പിടിച്ചു വീണത്. ചൈന ബഹിരാകാശത്ത് നിര്‍മ്മിക്കുന്ന ബഹിരാകാശ നിലയമായ ടിയാന്‍ഗോങ്ങിന്റെ ചില ഭാഗങ്ങളുമായി വിക്ഷേപിച്ച ചൈനയുടെ റോക്കറ്റാണ് തിരികെ പതിച്ചത്. ഇത് ലക്ഷ്യം തെറ്റിയെന്ന് അമേരിക്കന്‍ ബഹിരാകാശ കമാന്‍ഡ് സ്ഥിരീകരിച്ചെങ്കിലും കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ ചൈന തയ്യാറായില്ല. ഇത് ലോകത്തെ ആശങ്കയിലാഴ്ത്തിയിരുന്നു. 22 ടണ്‍ ഭാരമുള്ള വെന്റിയന്‍ മോഡ്യൂള്‍ ഡോക്ക് ചെയ്ത ലോങ് മാര്‍ച്ച്-5ബി വൈ3 റോക്കറ്റാണ് തിരികെ പതിച്ചത്.

റോക്കറ്റ് വിക്ഷേപിച്ചത് ജൂലൈ 24നാണ്. മലേഷ്യയിലെ കുച്ചിംഗ് നഗരത്തിന് മുകളിലൂടെ റോക്കറ്റിന്റെ ഭാഗങ്ങള്‍ അഗ്നിഗോളമായി പതിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു. ”കുച്ചിംഗില്‍ ഉല്‍ക്ക കണ്ടെത്തി!” എന്നാണ് ട്വിറ്റര്‍ ഉപയോക്താവ് വീഡിയോയ്ക്ക് അടിക്കുറിപ്പ് നല്‍കിയത്. ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിച്ചതോടെ റോക്കറ്റ് തീപ്പിടിച്ചിരുന്നു. റോക്കറ്റിന്റെ പതനം യുഎസ് ബഹിരാകാശ കമാന്‍ഡ് സ്ഥിരീകരിച്ചു. എന്നാൽ വാഷിംഗ്ടണിലെ ചൈനീസ് എംബസി ഇക്കാര്യത്തില്‍ ഉടന്‍ പ്രതികരിച്ചില്ല. റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ചൈന ഈ ആഴ്ച ആദ്യം പറഞ്ഞു. ഭൂമിയിലുള്ള ആര്‍ക്കും അപകടമുണ്ടാക്കില്ലെന്നും ചൈന അവകാശപ്പെട്ടിരുന്നു.

Top