പാര്‍ട്ടിയിലെ തമ്മിലടി;എ.കെ ആന്റണിയുടെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ച് സോണിയ

ന്യൂഡല്‍ഹി: മധ്യപ്രദേശ് കോണ്‍ഗ്രസിലെ തമ്മിലടി തീര്‍ക്കാന്‍ എ.കെ ആന്റണിയുടെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ച് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമായിരുന്നു സോണിയയുടെ തീരുമാനം.

മധ്യപ്രദേശ് കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. പാര്‍ട്ടിയിലെ രാഷ്ട്രീയ പ്രശ്‌നം എ.കെ.ആന്റണിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് അച്ചടക്ക സമിതിക്ക് കൈമാറിയതായി കമല്‍നാഥ് പറഞ്ഞു.

ജ്യോതിരാദിത്യ സിന്ധ്യക്ക് സംസ്ഥാന അധ്യക്ഷപദവി നല്‍കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായി രംഗത്തെത്തിയതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. സിന്ധ്യയെ പിന്തുണച്ച് കൊണ്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകളും ഫ്ളക്സുകളും പ്രത്യക്ഷപ്പെട്ടു. കമല്‍നാഥ് മന്ത്രിസഭയിലെ അംഗങ്ങളും മറ്റു ചിലരും സിന്ധ്യക്ക് പിന്തുണയുമായി രംഗത്തുണ്ട്.

Top