ലോകത്തിലെ ഏറ്റവും ഉയരമുള്ള ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷന്‍ ഇന്ത്യയില്‍ !

രാജ്യം വലിയ വാഹന വിപ്ലവത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. നിരത്തുകളില്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ സജീവമായിക്കൊണ്ടിരിക്കുന്നു. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഇവി ചാര്‍ജിംഗ് സ്റ്റേഷനും ഇന്ത്യയില്‍ ഒരുങ്ങിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹിമാചല്‍ പ്രദേശിലെ ലാഹുല്‍-സ്പ്തി ജില്ലയിലെ കാസയിലാണ് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഇവി ചാര്‍ജിംഗ് സ്റ്റേഷന്‍ സജ്ജീകരിച്ചിട്ടുള്ളതെന്ന് ടൈംസ് നൌ റിപ്പോര്‍ട്ട് ചെയ്യുന്നു. 500 അടിയോളം ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ചാര്‍ജ്ജിംഗ് സ്റ്റേഷന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം നടന്നു.

”കാസയില്‍ 500 അടി ഉയരമുള്ള ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷനാണിത്. ഇവിടെയുള്ള ആദ്യത്തെ സ്റ്റേഷനാണ്. നല്ല പ്രതികരണം ലഭിച്ചാല്‍ കൂടുതല്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കും” കാസ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് മഹേന്ദ്ര പ്രതാപ് പറഞ്ഞതായി എഎന്‍ഐയെ ഉദ്ധരിച്ച് ടൈംസ് നൌ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇലക്ട്രിക് വാഹനങ്ങള്‍ ദീര്‍ഘദൂര യാത്രകള്‍ക്ക് അനുയോജ്യമല്ലെന്ന തെറ്റിദ്ധാരണകള്‍ പലര്‍ക്കുമുണ്ട്. ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇലക്ട്രിക് കാറുകളുടെയും സ്‌കൂട്ടറുകളുടെയും പ്രകടനത്തില്‍ സംശയമുള്ളവരുമുണ്ട്. ഇത് തെറ്റാണെന്ന് തെളിയിക്കാന്‍ രണ്ട് വനിതകള്‍ കാസയില്‍ നിന്ന് മണാലിയിലേക്ക് ഇലക്ട്രിക് സ്‌കൂട്ടറിലേക്ക് പോയതായും മഹേന്ദ്ര പ്രതാപ് വ്യക്തമാക്കി.

അതേസമയം സഞ്ചാരികളുടെ ഇഷ്ട പ്രദേശങ്ങളില്‍ ഒന്നാണ് ഹിമാചല്‍ പ്രദേശിലെ ലാഹുല്‍-സ്പ്തി ജില്ല. മനോഹരമായ കാഴ്ചകളാല്‍ സമ്പന്നമാണ് ഇവിടം. ശൈത്യകാലത്ത് വഴികള്‍ അടയുന്നതിനാല്‍ ഈ പ്രദേശങ്ങളിലേക്ക് ആറ് മാസത്തോളം യാത്ര സാധ്യമായിരുന്നില്ല. എന്നാല്‍, മണാലിക്ക് സമീപത്തെ റോഹ്ത്താങ്ങില്‍ അടല്‍ തുരങ്കം തുറന്നതോടെ 365 ദിവസവും യാത്ര സാധ്യമായി. ഇതോടെ ഇവിടേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. അതുകൊണ്ടു തന്നെ ഈ ജില്ലയിലേക്ക് പ്രവേശിക്കാന്‍ അടുത്തിടെ ജില്ലാ ഭരണകൂടം പ്രത്യേക നികുതി ഏര്‍പ്പെടുത്തിയിരുന്നു.

 

Top