ലോകത്തിലെ ഉയരം കുറഞ്ഞ മനുഷ്യന്‍ ഘഗേന്ദ്ര താപ മഗര്‍ ഓര്‍മ്മയായി

നേപ്പാള്‍: ചലനശേഷിയുള്ള ലോകത്തിലെ ഉയരം കുറഞ്ഞ മനുഷ്യനെന്ന ഗിന്നസ് റെക്കോര്‍ഡ് ഉടമ ഘഗേന്ദ്ര താപ മഗര്‍ അന്തരിച്ചു. ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് നേപ്പാളിലെ ആശുപത്രിയിലായിരുന്നു 27 കാരന്റെ അന്ത്യം.

67 സെന്റീമീറ്റര്‍ മാത്രം നീളവും ആറര കിലോ ഭാരവുമുള്ള ഘഗേന്ദ്ര താപ മഗര്‍ 2010ലാണ് ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യനെന്ന ഗിന്നസ് റെക്കോര്‍ഡിനുടമയായത്.

1992 ല്‍ ഒക്ടോബര്‍ 14 ന് റൂപ് ബഹാദുറിന്റെയും ദന്‍ മായയുടെയും ഇളയ മകനായാണ് ഘഗേന്ദ്ര താപ മഗറിന്റെ ജനനം. പതിനെട്ടാം പിറന്നാള്‍ ആഘോഷിച്ച ദിവസമാണ് മഗറിനെ തേടി ഗിന്നസ് റെക്കോഡെത്തിയത്.

നേപ്പാള്‍ വിനോദ സഞ്ചാര മേഖലയുടെ മുഖമായിരുന്നു മഗര്‍. ലോകത്തെ ഏറ്റവും വലിയ കൊടുമുടിയുള്ള രാജ്യത്തെ ഏറ്റവും ചെറിയ മനുഷ്യന്‍ എന്ന പേരില്‍ നേപ്പാള്‍ ടൂറിസത്തിന്റെ പ്രചാരണം.

59 സെന്റീമീറ്റര്‍ മാത്രം ഉയരമുള്ള ഫിലിപ്പീന്‍സ് സ്വദേശിയായ ജുന്റേ ബലാവിങാണ് ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യനെങ്കിലും ചലനശേഷിയുള്ള ചെറിയ മനുഷ്യനെന്ന റെക്കോഡ് മഗറിനായിരുന്നു. മഗറിന്റെ മരണത്തോടെ 70 സെന്റീമീറ്റര്‍ ഉയരമുള്ള കൊളന്പിയ സ്വദേശിയായ എഡ്വേര്‍ഡ് നിനോ ഹെര്‍ണാണ്ടസ് ഇനി ചലനശേഷിയുള്ള ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യനാകും.

Top