മുകേഷ് അംബാനി മൊത്തം സമ്പാദ്യങ്ങൾ നൽകിയാൽ 20 ദിവസം മോദിക്ക് ഭരിക്കാം

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ സമ്പന്നന്‍ മുകഷ് അംബാനിയുടെ സ്വത്ത് ഉപയോഗിച്ച് 20 ദിവസം ഇന്ത്യന്‍ സര്‍ക്കാറിന് ഭരിക്കാം.

ബിസിനസ്സ് മാധ്യമ രംഗത്തെ പ്രമുഖരായ ‘ബ്ലും ബര്‍ഗ് ‘ ആണ് വിചിത്ര കണ്ടെത്തലുമായി രംഗത്തു വന്നിട്ടുള്ളത്. ‘2018 റോബിന്‍ ഹുഡ് സൂചിക’ യെന്ന പേരിലാണ് ഈ വാദം.

വിവിധ രാഷ്ട്രീയ ഭരണകൂടങ്ങള്‍ നിലവിലിരിക്കുന്ന 49 രാജ്യങ്ങളാണ് സൂചികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇവിടുത്തെ ചെലവു രീതികളും ഏറ്റവും സമ്പന്നര്‍ ആരെന്നതും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ സമ്പന്നരുടെ 2017 ഡിസംബര്‍ അവസാനത്തെ കണക്ക് അനുസരിച്ചുള്ള ആകെ സമ്പാദ്യം വച്ചാണ് അവര്‍ രാജ്യത്തെ സര്‍ക്കാരുകള്‍ക്കു പണം നല്‍കിയാല്‍ ആ പണം ഉപയോഗിച്ച് എത്ര ദിവസം സര്‍ക്കാരുകള്‍ക്കു പ്രവര്‍ത്തിക്കാനാകുമെന്നാണ് കണ്ടെത്തല്‍.

സര്‍ക്കാരുകള്‍ക്കു വളരെപ്പെട്ടെന്നു നഷ്ടം സംഭവിച്ച് അവര്‍ ഏറ്റവും സമ്പന്നരായവരുടെ പണം സ്വീകരിച്ചാല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂട്ടിയിടാതെ എത്ര ദിവസം പ്രവര്‍ത്തിക്കാനാകുമെന്ന സാങ്കല്‍പിക ചോദ്യത്തിന്റെയും കണക്കാണിത്. ബ്ലൂംബര്‍ഗ് ബില്യണേഴ്‌സ് ഇന്‍ഡെക്‌സും സര്‍ക്കാരുകളുടെ ചെലവുകളെക്കുറിച്ചുള്ള രാജ്യാന്തര നാണയനിധിയുടെ കണക്കുകളുമാണ് ഇത്തരമൊരു റിപ്പോര്‍ട്ടിന്റെ ആധാരം.

റിപ്പോര്‍ട്ടിലെ കണക്കുപ്രകാരം ഇന്ത്യയില്‍ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനിയുടെ പണം വച്ച് ഇന്ത്യന്‍ സര്‍ക്കാരിന് 20 ദിവസം പ്രവര്‍ത്തിക്കാനാകുമെന്നും കണ്ടെത്തി.

ഏറ്റവും കൂടുതല്‍ കാലം ഇങ്ങനെ പ്രവര്‍ത്തിക്കാവുന്നത് സൈപ്രസ് സര്‍ക്കാരിനാണ്. സൈപ്രസിലെ സമ്പന്നനായ ജോണ്‍ ഫ്രഡ്രിക്‌സനു തന്റെ പണംകൊണ്ട് സര്‍ക്കാരിനെ ഒരു വര്‍ഷത്തിലധികം ഓടിച്ചുകൊണ്ടുപോകാം. 1000 കോടി യുഎസ് ഡോളറാണു ഫ്രഡ്രിക്‌സന്റെ സമ്പാദ്യം. ഇതുപയോഗിച്ച് 441 ദിവസം സൈപ്രസ് സര്‍ക്കാരിനു പ്രവര്‍ത്തിക്കാനാകും. സൈപ്രസിലെ ചെലവുകുറഞ്ഞ ജീവിത രീതിയും നികുതി ആനുകൂല്യങ്ങളും വിനോദസഞ്ചാര മേഖലയെന്ന പ്രധാന വരുമാന മാര്‍ഗവുമാണ് ഇതിനു കാരണം.

ലോകത്തിലെ ഏറ്റവും ചെലവേറിയ രാജ്യങ്ങളാണ് ജപ്പാനും പോളണ്ടും യുഎസും ചൈനയും. ലോകത്തെ 16ാമത്തെ സമ്പന്നനായ ജാക്ക് മായുടെ സമ്പാദ്യം ഉപയോഗിച്ച് ചൈനീസ് സര്‍ക്കാരിന് നാലു ദിവസം മാത്രമേ പ്രവര്‍ത്തിക്കാനാകൂ. ലോകത്തെ ഏറ്റവും വലിയ കോടീശ്വരനും യുഎസ് പൗരനുമായ ജെഫ് ബെസോസിന്റെ പണം വച്ച് യുഎസ് സര്‍ക്കാരിന് അഞ്ച് ദിവസം ഭരിക്കാനാകും. 9900 കോടി യുഎസ് ഡോളറാണ് ബെസോസിന്റെ സമ്പാദ്യം. ‘ബ്ലൂം ബര്‍ഗ് ‘ പുറത്തുവിട്ട ഈ റിപ്പോര്‍ട്ട് ഇപ്പോള്‍ ചൂടുള്ള ചര്‍ച്ചക്ക് വഴിമരുന്നിട്ടിരിക്കുകയാണ്.

Top