worlds heaviest woman drops 108 kgs in 3 weeks in mumbai

മുംബൈ: ലോകത്തിലെ ഏറ്റവും ഭാരംകൂടിയ വനിത എന്ന റെക്കോര്‍ഡ് സ്വന്തം പേരില്‍ നിന്നും ഇമാന്‍ അഹമ്മദ് ഒഴിവാക്കി.
ഭാരം കുറയ്ക്കാന്‍ ചികിത്സ തുടങ്ങിയ ഈജിപ്ഷ്യന്‍ യുവതി മൂന്നാഴ്ചകൊണ്ട് കുറച്ചത് 108 കിലോ. 500 കിലോയ്ക്കടുത്ത് ഭാരമുണ്ടായിരുന്ന ഇമാന്‍ അഹമ്മദ് ഇപ്പോള്‍ 380 കിലോ ആയി ചുരുങ്ങി.

108 കിലോ ഭാരം കുറഞ്ഞ ഇമാന്‍ 25 വര്‍ഷത്തിന് ശേഷം പരസഹായം ഇല്ലാതെ ഇരിക്കാന്‍ കഴിയുമെന്ന നിലയിലെത്തി.ഇനി പരസഹായമില്ലാതെ എഴുന്നേറ്റ് നില്‍ക്കാനുള്ള ശ്രമത്തിലാണ് യുവതി. ചികിത്സ തുടരുന്ന ഇമാന്‍ വരും ദിവസങ്ങളില്‍ ആരുടെയും സഹായമില്ലാതെ നില്‍ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്.

ദിവസവും രണ്ടു കിലോ വെച്ച് 25 ദിവസത്തിനുള്ളില്‍ 50 കിലോ കുറക്കാനായിരുന്നു ഡോക്ടര്‍മാര്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ തങ്ങളെ അതിശയപ്പെടുത്തി ലക്ഷ്യമിട്ടതിനേക്കാളും ഇരട്ടിയിലധികം ഭാരം ഇമാന്‍ അഹമ്മദിന് കുറയ്ക്കാനായെന്ന് ഇവരെ ചികിത്സിക്കുന്ന മുംബൈയിലെ സെയ്ഫി ആശുപത്രിയിലെ ഡോക്ടറായ മുഫസല്‍ ലകഡാവാല പറഞ്ഞു.

ഇമാന്‍ അഹമ്മദിന്റെ ശരീരത്തില്‍ ജലത്തിന്റെ അളവ് ധാരാളമുണ്ടായിരുന്നു. ഫിസിയോതെറാപ്പിയിലൂടെ അത് കുറച്ചു. ബാരിയാട്രിക് ശസ്ത്രക്രിയക്കായി ഇപ്പോള്‍ അവര്‍ തയ്യാറായെന്നും ഡോക്ടര്‍ അറിയിച്ചു.

ശസ്ത്രക്രിയ ഉടന്‍ ഉണ്ടാകും, മരുന്നുകള്‍ ഉപയോഗിച്ച് ഭാരം കുറക്കുന്നതിനായി ഞങ്ങള്‍ ഒരുപാട് ശ്രമിച്ചു. എന്നാല്‍ മരുന്നുകള്‍ക്ക് ഒരു പരിധിവരെ മാത്രമെ അതിനു സാധിക്കൂ, ശസ്ത്രക്രിയയിലൂടെ ഞങ്ങളുടെ ലക്ഷ്യത്തിന് പൂര്‍ത്തീകരണമുണ്ടാകുമെന്നും ഡോ. മുഫസല്‍ ലകഡാവാല പ്രത്യാശ പ്രകടിപ്പിച്ചു.

പൊതുജനങ്ങളില്‍ നിന്നായി 60 ലക്ഷത്തോളം പിരിച്ചെടുത്താണ് സെയ്ഫി ആശുപത്രി ഇമാന്‍ അഹമ്മദിന്റെ ചികിത്സ നടത്തുന്നത്.

Top