ലോകത്തിലെ ആദ്യ യോനി മ്യൂസിയം ലണ്ടനില്‍ തുറക്കാനൊരുങ്ങുന്നു

ലണ്ടന്‍: ലോകത്തിലെ ആദ്യത്തെ യോനി മ്യൂസിയം ലണ്ടനില്‍ ഒരുങ്ങുന്നു. യോനിയെ സംബന്ധിച്ച തെറ്റിദ്ധാരണകള്‍ നീക്കുന്നത് ലക്ഷ്യമിട്ടാണ് മ്യൂസിയം തുറക്കുന്നത്. ഐസ്ലാന്‍ഡില്‍ ലിംഗത്തിന് വേണ്ടി മ്യൂസിയം നിര്‍മ്മിച്ചതില്‍ നിന്നാണ് യോനി മ്യൂസിയം എന്ന ആശയത്തിലേക്കെത്തിയതെന്ന് സ്ഥാപക ഫ്‌ലോറന്‍സ് ഷെന്റര്‍ പറയുന്നു.

യോനിക്ക് വേണ്ടിയുള്ള ലോകത്തിലെ ഇത്തരത്തിലെ ആദ്യ സംരംഭമാണ് ഇതെന്ന് ഫ്‌ലോറന്‍സ് കൂട്ടിച്ചേര്‍ത്തു. ക്രൗഡ് ഫണ്ടിംഗ് രീതിയിലൂടെ ഇത്രയധികം പണം ഈ ആവശ്യത്തിലേക്ക് ലഭിക്കുമെന്ന് കരുതിയിരുന്നില്ല. എന്നാല്‍ ആളുകളില്‍ നിന്ന് ലഭിച്ചത് മികച്ച പ്രതികരണമാണെന്ന് മ്യൂസിയം മാനേജര്‍ സോയി വില്യംസ് അറിയിച്ചു.

നവംബര്‍ 16നാണ് മ്യൂസിയം തുറക്കുക. ലണ്ടനിലേത് ഒരു താല്‍ക്കാലിക മ്യൂസിയമാണ്. സ്ഥിരമായ ഒരിടം മ്യൂസിയത്തോടുള്ള ആളുകളുടെ പ്രതികരണം മനസ്സിലാക്കിയ ശേഷം തീരുമാനിക്കുമെന്ന് ഫ്‌ലോറന്‍സ് പറയുന്നു.

സ്ത്രീ ശരീരത്തില്‍ ആവശ്യലധികം കെട്ടുകഥകളാണ് യോനിയെക്കുറിച്ച് പരന്നിട്ടുള്ളത്. ഇത് പ്രദര്‍ശിപ്പിച്ച് ബോധവല്‍ക്കരണം നടത്താതെ ഇത്തരം തെറ്റിദ്ധാരണകള്‍ മാറില്ലെന്നും ഫ്‌ലോറന്‍സ് വ്യക്തമാക്കി. ക്രൗഡ് ഫണ്ടിംഗിലൂടെ സ്വരുക്കൂട്ടിയ 44.39 ലക്ഷം രൂപ ചെലവിലാണ് മ്യൂസിയം ഒരുങ്ങുന്നത്.

Top