World’s first digital incubator to be launched for student startups

കൊച്ചി : രാജ്യത്തെ ആദ്യ ഐടി ടെലികോം ഇന്‍കുബേറ്ററായ സ്റ്റാര്‍ട്ടപ് വില്ലേജിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനം ദേശീയ തലത്തില്‍ വ്യാപിക്കാന്‍ കേന്ദ്ര ശാസ്ത്ര, സാങ്കേതിക മന്ത്രാലയം അനുമതി നല്‍കി.

യുവജനങ്ങള്‍ക്കു വേണ്ടി പൊതു സ്വകാര്യ പങ്കാളിത്തത്തോടെ കേരളത്തില്‍ തുടങ്ങുകയും നാലു വര്‍ഷം കൊണ്ട് രാജ്യത്തിനാകെ മാതൃകയാകുകയും ചെയ്ത പദ്ധതിയാണ് ഇപ്പോള്‍ രാജ്യവ്യാപകമാക്കുന്നത്.

ലോകത്തിലെ ആദ്യ സ്റ്റുഡന്റ് ഡിജിറ്റല്‍ ഇന്‍കുബേറ്ററായി മാറുന്ന സ്റ്റാര്‍ട്ടപ് വില്ലേജ് രണ്ടാംഘട്ടത്തിന് ജൂലൈ 13ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ദേശീയ ശാസ്ത്ര, സാങ്കേതിക സംരംഭക വികസന ബോര്‍ഡിന്റെ മേധാവി ഡോ.എച്ച്.കെ.മിത്തല്‍, ഇന്‍ഫോസിസ് സഹസ്ഥാപകനും സ്റ്റാര്‍ട്ടപ് വില്ലേജ് ചീഫ് മെന്ററുമായ ക്രിസ് ഗോപാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് തുടക്കമിടും.

പൂര്‍ണമായും ഡിജിറ്റല്‍ രൂപത്തിലുള്ള സ്റ്റാര്‍ട്ടപ് വില്ലേജ് രണ്ടാംഘട്ടം പ്രധാനമന്ത്രിയുടെ സ്റ്റാര്‍ട്ടപ് ഇന്ത്യ പദ്ധതിയുമായി ബന്ധപ്പെടുത്തിയായിരിക്കും വികസിപ്പിക്കുക.
രാജ്യത്തെ എല്ലാ യുവജനങ്ങള്‍ക്കും തൊഴില്‍ എന്ന ലക്ഷ്യം പൂര്‍ത്തിയാക്കണമെങ്കില്‍ അടുത്ത 20 വര്‍ഷം പ്രതിമാസം പത്തുലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കേണ്ടതുണ്ട്.

ബാംഗ്ലൂരിലും അമേരിക്കയിലെ സിലിക്കണ്‍ വാലിയിലുമുള്ള സ്റ്റാര്‍ട്ടപ് കേന്ദ്രങ്ങളിലെ അന്തരീക്ഷവും സൗകര്യങ്ങളും രാജ്യത്തെ ഇടത്തരം ചെറുകിട പട്ടണങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്ക് ഇതുവരെ ലഭ്യമായിരുന്നില്ലെന്ന് ക്രിസ് ഗോപാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് തയാറാക്കിയ ഡിജിറ്റല്‍ ഇന്‍കുബേറ്ററിന്റെ പ്രാരംഭ സോഫ്‌റ്റ്വെയര്‍ വികസന ഘട്ടമായ ബീറ്റാ സ്റ്റേജില്‍തന്നെ ഇതിനോടകം കേരളത്തില്‍നിന്നും വഡോദര, വിശാഖപട്ടണം തുടങ്ങിയ നഗരങ്ങളില്‍നിന്നുമായി ആയിരത്തോളം അപേക്ഷകളെത്തിക്കഴിഞ്ഞു.

ബീറ്റാ ഘട്ടത്തിലെ 20 ടീമുകളില്‍നിന്ന് ഒരു ടീം ഇന്‍കുബേഷന്‍ പൂര്‍ത്തിയാക്കി മുംബൈയിലെ സോണ്‍ ആക്‌സിലറേറ്ററില്‍ പ്രവേശനം നേടി. ടാലി എന്ന പ്രമുഖ അക്കൗണ്ടിംഗ് സ്ഥാപനം സീപേ എന്ന സ്റ്റാര്‍ട്ടപ്പിനെ സ്വന്തമാക്കുകയും ചെയ്തു. മറ്റു ചില സ്റ്റാര്‍ട്ടപ്പുകളിലെ അംഗങ്ങള്‍ ഓല, ഫ്രീചാര്‍ജ് തുടങ്ങിയ സ്ഥാപനങ്ങളില്‍ മികച്ച ജോലി സമ്പാദിക്കുകയും ചെയ്തു.

വിദ്യാര്‍ഥികള്‍ക്ക് സ്വന്തമായി ടീമുകളുണ്ടാക്കി ഈ ഡിജിറ്റല്‍ ഇന്‍കുബേറ്ററില്‍ അപേക്ഷ നല്‍കാം.
ദേശീയ തലത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ സ്റ്റാര്‍ട്ടപ് വില്ലേജ് 2012-15 കാലഘട്ടത്തില്‍ പൂര്‍ത്തിയാക്കിയ പദ്ധതി പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടാംഘട്ടത്തിന് കേന്ദ്ര ശാസ്ത്ര,സാങ്കേതിക വകുപ്പ് അനുമതി നല്‍കിയത്.

3000 പുത്തന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും 45 കോടി രൂപയുടെ ധനസമാഹരണം നടക്കുകയും ചെയ്തു. സര്‍ക്കാരും വ്യവസായ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം ലക്ഷ്യമാക്കി തുടക്കമിട്ട സ്റ്റാര്‍ട്ടപ് വില്ലേജിന്റെ വിജയമാണ് കേരളത്തില്‍ ആദ്യമായി ഇന്ത്യയുടെ സ്റ്റുഡന്റ് സ്റ്റാര്‍ട്ടപ് നയത്തിന് വഴി തെളിച്ചത്.

ഒന്‍പതോളം സംസ്ഥാനങ്ങള്‍ സ്റ്റാര്‍ട്ടപ് വില്ലേജ് മാതൃക മനസിലാക്കാനായി സ്വന്തം ടീമുകളെ കൊച്ചിയിലേക്കയച്ചിരുന്നു.

Top