ലോകത്തെ ആദ്യ കോവിഡ് വാക്‌സിന്‍ നാളെ പുറത്തിറങ്ങും; ആശങ്ക പ്രകടിപ്പിച്ച് ഒരുകൂട്ടര്‍!!

ന്യൂഡല്‍ഹി: ലോകത്തെ ആദ്യ കോവിഡിനെതിരെയുള്ള വാക്‌സിന്‍ നാളെ പുറത്തിറക്കുമെന്നു റഷ്യ പ്രഖ്യാപിച്ചിരിക്കെ വാക്‌സിനില്‍ ആശങ്ക പ്രകടിപ്പിച്ച് വൈറോളജിസ്റ്റുമാര്‍. വാക്‌സിന്‍ ഫലിച്ചില്ലെങ്കില്‍ വൈറസ് ബാധയുടെ തീവ്രത വര്‍ധിച്ചേക്കുമെന്നു റഷ്യയിലെ പ്രമുഖ വൈറോളജിസ്റ്റുമാരില്‍ ഒരാള്‍ സംശയം പ്രകടിപ്പിച്ചതായാണ് വിവരം.

ചില പ്രത്യേക ആന്റിബോഡികളുടെ സാന്നിധ്യം രോഗതീവ്രത വര്‍ധിപ്പിച്ചേക്കാമെന്നാണ് ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ടു തന്നെ നിര്‍ദിഷ്ട വാക്‌സീന്‍ ഏതുതരം ആന്റിബോഡികളാണ് ഉല്‍പാദിപ്പിക്കുകയെന്നതു അറിഞ്ഞിരിക്കണമെന്നും ഇദ്ദേഹം പറയുന്നു. ലോകാരോഗ്യ സംഘടന അടക്കം ഇക്കാര്യത്തില്‍ ആശങ്കപ്രകടിപ്പിച്ചിരിക്കുകയാണ്.

ധൃതിയെക്കാള്‍ നടപടിക്രമം പൂര്‍ണമായി പാലിക്കുന്നതിലാവണം കൂടുതല്‍ ശ്രദ്ധിക്കേണ്ടതെന്നു ലോകാരോഗ്യ സംഘടനയും റഷ്യയ്ക്കു മുന്നറിയിപ്പു നല്‍കിയിരിക്കെയാണ് നാളെ വാക്‌സിന്‍ റജിസ്റ്റര്‍ ചെയ്യുമെന്ന് അറിയിച്ചിരിക്കുന്നത്. ഗവേഷണത്തിന് അതിവേഗ നടപടികളാണ് റഷ്യ സ്വീകരിച്ചതെന്നു തുടക്കം മുതല്‍ വിമര്‍ശനമുണ്ട്. എന്നാല്‍, തികഞ്ഞ ആത്മവിശ്വാസമാണ് റഷ്യയുടെ ആരോഗ്യപാലന സംവിധാനങ്ങളുടെ തലപ്പത്തുള്ള അന്ന പോപ്വ പ്രകടിപ്പിക്കുന്നത്.

സുരക്ഷയെക്കുറിച്ചു സംശയമുള്ള ഒരു വാക്‌സീനും ഇന്നവേരെ റഷ്യന്‍ വിപണിയിലെത്തിയിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ‘വാക്‌സിന്‍ യുദ്ധം’ ഒഴിവാക്കാന്‍ ലോകാരോഗ്യ സംഘടന കോവിഡ് വാക്‌സിനു വേണ്ടി ലോക രാജ്യങ്ങള്‍ക്കിടയിലെ ‘യുദ്ധം’ ഒഴിവാക്കാന്‍ ലോകാരോഗ്യ സംഘടന. ഇതിനായി, തങ്ങളുടെ കോവാക്‌സ് സംവിധാനത്തില്‍ ചേരാന്‍ കൂടുതല്‍ രാജ്യങ്ങളോട് സംഘടന ആവശ്യപ്പെട്ടു.

നിലവില്‍ 75 രാജ്യങ്ങളാണ് സാധ്യതാ വാക്‌സീനുകളുടെ വികസനത്തിലും വിതരണത്തിലും ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ രൂപീകരിച്ച കോവാക്‌സിന്റെ ഭാഗമായിട്ടുള്ളത്. ലഭ്യത കൂടി പരിഗണിച്ച് എല്ലാ രാജ്യങ്ങള്‍ക്കും വാക്‌സീന്‍ ലഭ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. ന്യായമായ വില, വിവിധയിടങ്ങളിലെ ലഭ്യത തുടങ്ങിയവയിലും കോവാക്‌സിന്റെ സഹായമുണ്ടാകും. കോവിഡ് മഹാമാരിക്കെതിരെ ഒത്തൊരുമിച്ചുള്ള പ്രതിരോധം ലക്ഷ്യമിട്ടു രൂപീകരിച്ച ആക്സസ് ടു കോവിഡ് ടൂള്‍സ് ആക്സിലറേറ്ററിനു (എസിടി ആക്സിലറേറ്റര്‍) കീഴിലാണ് കോവാക്‌സിന്റെ പ്രവര്‍ത്തനം.

Top