പറക്കാന്‍ ഭയമുണ്ടോ; യാത്രക്കാരെ സമാധാനിപ്പിക്കാന്‍ പന്നിയെ ഇറക്കി ഒരു വിമാനത്താവളം

വിമാനയാത്ര ചിലര്‍ക്ക് കടുത്ത മാനസിക സമ്മര്‍ദം സമ്മാനിക്കുന്ന യാത്രയാണ്. ആകാംക്ഷയും സമ്മര്‍ദവും അകറ്റാന്‍ പല മാര്‍ഗ്ഗങ്ങളും ഉണ്ടെങ്കിലും പന്നി തെറാപ്പിയുമായി രംഗത്ത് വന്നിരിക്കുകയാണ് ഒരു വിമാനത്താവളം. ലിലോ എന്ന് പേരായ പന്നിക്കുട്ടിയാണ് യാത്രക്കാരുടെ സമ്മര്‍ദം മാറ്റാന്‍ സാന്‍ഫ്രാന്‍സിസ്‌കോ വിമാനത്താവളത്തില്‍ തയ്യാറായി നില്‍ക്കുന്നത്.

സാന്‍ഫ്രാന്‍സിസ്‌കോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ വാഗ് ബ്രിഗേഡ് അംഗമാണ് അഞ്ച് വയസ്സായ ലിലോയും, തത്യാന ഡാനിലോവയും. യാത്രക്കാരെ സന്തോഷിപ്പിക്കാനും, യാത്രാ സമ്മര്‍ദം കുറയ്ക്കാനുമാണ് മൃഗങ്ങളെ ഉള്‍പ്പെടുത്തി തെറാപ്പി പദ്ധതി ആരംഭിച്ചിരിക്കുന്നത്. പൈലറ്റിന്റെ തൊപ്പിയും, കാലിന്റെ നഖങ്ങള്‍ ചുവപ്പിച്ചും ഒരുങ്ങി നില്‍ക്കുന്ന ലിലോ എയര്‍പോര്‍ട്ട് സുരക്ഷാ മെറ്റല്‍ ഡിറ്റക്ടറിലൂടെ തെക്കുവടക്ക് നടക്കും.

യാത്രക്കാര്‍ക്ക് അഭിവാദ്യം നല്‍കാനും, സെല്‍ഫിക്ക് പോസ് ചെയ്യാനും, തന്റെ ടോയ് പീയാനോ ഉപയോഗിച്ച് ചെറിയ ട്യൂണുകള്‍ കേള്‍പ്പിച്ചുമൊക്കെയാണ് ലിലോ യാത്രക്കാരെ രസിപ്പിക്കുന്നത്. തിരക്കുപിടിച്ച യാത്രകള്‍ക്ക് ഓടുന്നവര്‍ ഒരു നിമിഷം ലിലോയെ കണ്ട് ആസ്വദിച്ച് സന്തോഷത്തോടെ പോകുന്നതായി ഉടമ ഡാനിലോവ പറയുന്നു.

സാന്‍ഫ്രാന്‍സിസ്‌കോ അപ്പാര്‍ട്ട്‌മെന്റില്‍ ഓര്‍ഗാനിക് പച്ചക്കറികളും, പ്രോട്ടീന്‍ പെല്ലെറ്റും കഴിച്ച് സ്വന്തം കിടക്കയിലാണ് ലിലോയുടെ വിശ്രമം. ലോകത്തിലെ ആദ്യത്തെ എയര്‍പോര്‍ട്ട് തെറാപ്പി പന്നിയാണ് ഇതെന്ന് വിമാനത്താവളത്തിലെ ഗസ്റ്റ് സര്‍വ്വീസ് മാനേജര്‍ ജെന്നിഫര്‍ കാസറിയന്‍ വ്യക്തമാക്കി. ഇവിടുത്തെ വാഗ് ബ്രിഗേഡില്‍ പലവിധ ബ്രീഡിലെ നായകളും ഉണ്ടെങ്കിലും ലിലോയാണ് താരം. പരിശീലനം നല്‍കിയ ശേഷമാണ് ഈ മൃഗങ്ങളെ യാത്രക്കാര്‍ക്കിടയിലേക്ക് വിടുന്നത്, അതുകൊണ്ട് അപകടങ്ങളും കുറവാണ്.

Top