മ്യാൻമറിനെതിരേ കൂടുതൽ ഉപരോധമേർപ്പെടുത്തി ലോകരാജ്യങ്ങൾ

യാങ്കൂൺ: മ്യാൻമറിലെ ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച പട്ടാള ഭരണകൂടത്തിനെതിരേ കൂടുതൽ ഉപരോധ നടപടികളുമായി യുഎസും ബ്രിട്ടനും കാനഡയും. രാജ്യത്ത് നടന്നുവരുന്ന പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്ന സൈനിക ഭരണകൂടത്തിനുളള ശക്തമായ താക്കീതാണ് ഉപരോധങ്ങളെന്നാണ് വിലയിരുത്തൽ. സൈന്യം നിയോഗിച്ച ഭരണകർത്താക്കളുടെ യുഎസിലെ സ്വത്തുക്കൾ മരവിപ്പിക്കുന്നതുൾപ്പെടെയുളള നിയന്ത്രണങ്ങളാണ് അമേരിക്ക നടപ്പിലാക്കിയിരിക്കുന്നത്. യുഎസ് പൗരൻമാരുമായുളള ഇവരുടെ സാമ്പത്തിക ഇടപാടുകളും വിലക്കിയിട്ടുണ്ട്.

രാജ്യത്തെ സംഘർഷങ്ങൾ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട ഭരണകൂടത്തിനെ രാഷ്ട്രീയ സമ്മർദ്ദത്തിലാക്കുന്നതാണ് പുതിയ നിയന്ത്രണങ്ങളെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൺ ചൂണ്ടിക്കാട്ടി. ജനഹിതമനുസരിച്ചുളള നടപടികൾ സ്വീകരിക്കണമെന്നാണ് യുഎസ് ആവശ്യപ്പെടുന്നതെന്നും ബ്ലിങ്കൺ പറഞ്ഞു. മ്യാൻമറിലേക്കുളള ആയുധവിൽപനയും സൈനിക സഹകരണവും അവസാനിപ്പിക്കാൻ എല്ലാ രാജ്യങ്ങളും തയ്യാറാകണമെന്നും യുഎസ് ആവശ്യപ്പെട്ടു.

കാനഡയും സമാനമായ ഉപരോധങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സൈനിക നേതൃത്വവുമായി ബന്ധമുളള വ്യക്തികളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടാണ് കാനഡ ഉപരോധങ്ങൾ ഏർപ്പെടുത്തിയത്. ജനാധിപത്യവും രാജ്യത്തെ സ്വാതന്ത്ര്യവും പുന:സ്ഥാപിക്കാൻ പൊരുതുന്ന മ്യാൻമറിലെ ജനങ്ങൾക്കൊപ്പമാണ് കാനഡയെന്നായിരുന്നു വിദേശകാര്യമന്ത്രി മാർക്ക് ഗാർണ്യൂവിന്റെ പ്രതികരണം. മ്യാൻമറിന് വ്യാപാര, വാണിജ്യ തിരിച്ചടി നൽകുന്ന ഉപരോധമാണ് ബ്രിട്ടൻ ഏർപ്പെടുത്തിയത്.

 

Top