കൊവിഡ് രാജ്യങ്ങളുടെ ആരോഗ്യ സംവിധാനത്തെ താറുമാറാക്കിയെന്ന് ലോകാരോഗ്യസംഘടന

ജനീവ: കൊവിഡ് മഹാമാരിയുടെ വ്യാപനം ലോകത്തെ എല്ലാം രാജ്യങ്ങളുടെയും ആരോഗ്യസംവിധാനങ്ങളെ താറുമാറാക്കിയെന്ന് ലോകാരോഗ്യസംഘടനയുടെ അഭിപ്രായം. അടിയന്തര ജീവന്‍രക്ഷാ സംവിധാനങ്ങളെല്ലാം കൊവിഡിനായി ഉപയോഗിക്കേണ്ടി വന്നത് വലിയ പ്രതിസന്ധിയുണ്ടാക്കി. കാന്‍സര്‍ ഉള്‍പ്പെടെ നിരന്തര പരിശോധന ആവശ്യമുള്ള രോഗങ്ങളുടെ ചികിത്സയെയും പ്രതികൂലമായി ബാധിച്ചുവെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ നടത്തിയ സര്‍വേയിലാണ് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തല്‍. പകുതിയിലധികം രാജ്യങ്ങളില്‍ കുടുംബാസൂത്രണത്തെ 68 ശതമാനവും, മാനസികരോഗ ചികിത്സയെ 61 ശതമാനവും, കാന്‍സര്‍ ചികിത്സയെ 55 ശതമാനവും പ്രതികൂലമായി ബാധിച്ചെന്നും സര്‍വേയില്‍ പറയുന്നു. ശരാശരിയില്‍ താഴെ വരുമാനമുള്ള രാജ്യങ്ങളെയാണ് രോഗവ്യാപനം ഏറ്റവുമധികം ബാധിച്ചത്.

അതേസമയം, കൊവിഡ് വ്യാപനത്തിന്റെ ആശങ്കകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തിടുക്കപ്പെട്ട് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് ദുരന്തത്തിന്റെ ചേരുവകള്‍ തയ്യാറാക്കുന്നത് പോലെയെന്ന് ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോ ഗബ്രിയേസൂസ് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ എട്ടുമാസക്കാലമായി ജനങ്ങള്‍ കൊറോണ വൈറസ് ബാധ മൂലം വളരെയധികം കഷ്ടപ്പെടുന്നുണ്ടെന്ന് മനസ്സിലാക്കുന്നുവെന്നും അവര്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top