ലോക വനിത ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ്; ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടംപിടിച്ച് സോണിയ ചാഹല്‍

ന്യൂഡല്‍ഹി: ലോക വനിത ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മറ്റൊരു താരം കൂടി ക്വാര്‍ട്ടര്‍ ഫൈനലില്‍. 57 കിലോഗ്രാം വിഭാഗത്തില്‍ സോണിയ ചാഹല്‍ ആണ് ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. പ്രീക്വാര്‍ട്ടറില്‍ മുന്‍ ലോകചാമ്പ്യന്‍ ബള്‍ഗേറിയയുടെ സ്റ്റാനിമിറ പെട്രോവയെ സോണിയ കീഴ്പ്പെടുത്തി. സ്‌കോര്‍ 3-2. ക്വാര്‍ട്ടറില്‍ കൊളംബിയയില്‍ നിന്നുള്ള എര്യാസ് കാസ്റ്റെന്‍ഡ യെനി മാര്‍സെലയെ സോണിയ നേരിടും.

ഇന്ത്യയുടെ തന്നെ മറ്റൊരു താരായ പിങ്കി റാണിയും ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. 51 കിലോഗ്രാം വിഭാഗത്തില്‍ യൂറോപ്യന്‍ ചാമ്പ്യന്‍ ഇംഗ്ലണ്ടിന്റെ ഇബോണി ആലീസ് ജോണ്‍സിനെ 5-0 എന്ന സ്‌കോറിന് പിങ്കി തോല്‍പ്പിച്ചു. 64 കിലോഗ്രാം വിഭാഗത്തില്‍ സിമ്രന്‍ജീത് കൗറും ക്വാര്‍ട്ടറിലെത്തി. സ്‌കോട്ടിഷ് താരം മെഗന്‍ റെയ്ഡിനെ 5-0 ത്തിനാണ് സിമ്രന്‍ മുട്ടുകുത്തിച്ചത്. അയര്‍ലന്‍ഡിന്റെ എമി സാറയാണ് അടുത്ത എതിരാളി.

Top